തിരുവനന്തപുരം- മങ്കിപോക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവര്‍ എത്തുന്നുണ്ടോയെന്ന് സ്‌ക്രീന്‍ ചെയ്യും. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്നലെ തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദര്‍ശനം നടത്തും. രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്. എന്തെങ്കിലും സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.