പ്രധാനമന്ത്രി പ്രതികരിച്ചു; കുറ്റവാളികള്‍ രക്ഷപ്പെടില്ല, നീതി ഉറപ്പാക്കും 

ന്യൂദല്‍ഹി- കതുവ, ഉന്നാവോ സംഭവങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് ഉറപ്പു നല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും പൂര്‍ണമായ നീതി നടപ്പിലാകുമെന്നും രാജ്യത്തിന് ഉറപ്പു നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പുത്രിമാര്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കതുവ, ഉന്നാവോ ലൈംഗിക അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം പാലിക്കുന്നതില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. മോഡിയുടെ മൗനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദ്യം ചെയ്തിരുന്നു. 
മിസ്റ്റര്‍ പ്രധാനമന്ത്രി നിങ്ങളുടെ മൗനം അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചു വരുന്ന അക്രമങ്ങളെക്കുറിച്ച് താങ്കള്‍ എന്താണു ചിന്തിക്കുന്നത്. എന്തു കൊണ്ടാണ് കുറ്റവാളികളും പീഡകരും സംരക്ഷിക്കപ്പെടുന്നത്. ഉത്തരത്തിനായി ഇന്ത്യ കാത്തിരിക്കുന്നു എന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചത്. 
മോഡിയുടെ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ഇത്തരം ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ ഇറക്കുന്നതില്‍ മോഡി മിടുക്കനാണ്. എന്നാല്‍, പെണ്‍കുട്ടികള്‍ മാനംഭംഗപ്പെടുമ്പോള്‍ അദ്ദേഹം മൗനം പാലിക്കും. ഇനിയും എത്ര അക്രമങ്ങള്‍ നടന്നു കഴിഞ്ഞാണ് പ്രധാനമന്ത്രി മൗനം വെടിയുന്നതെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു. 
അതിനിടെ, കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി എംപി മീനാക്ഷി ലേഖി രംഗത്തെത്തി. ആദ്യം അവര്‍ ന്യൂനപക്ഷങ്ങള്‍ എന്നു പറഞ്ഞു നിലവിളിച്ചു. പിന്നെ നിലവിളി ദളിതര്‍ക്കു വേണ്ടിയായി. ഇപ്പോള്‍ വനിതകള്‍ക്ക് വേണ്ടി നിലവിളിക്കുന്നു. സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രത്തിന്റെ തലയില്‍ വെച്ച് കെട്ടാന്‍ നോക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചു. 
എന്നാല്‍, ബി.ജെ.പി എം.പിയുടെ ആരോപണം ഇന്ത്യന്‍ പൗര•ാരെ അപമാനിക്കുന്നതാണെന്നായിരുന്നു  കോണ്‍ഗ്രസിന്റെ മറുപടി. ബിജെപിയുടെ ആശയമാണ് മീനാക്ഷി പ്രതിഫലിപ്പിച്ചത്. എം.പി തന്റെ വാക്കുകള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

Latest News