വിരമിക്കലിനു ശേഷമുള്ള ആശങ്കകള്‍ ജഡ്ജിമാരെ സ്വാധീനിക്കുന്നു, ചീഫ് ജസ്റ്റിസിനെ വേദിയിലിരുത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പൂര്‍- മുഹമ്മദ് നബിയെ നിന്ദിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരായ നിരീക്ഷണത്തില്‍ സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ജൂലൈ ഒന്നിന് നൂപുര്‍ ശര്‍മയെ   ശാസിച്ച നിരീക്ഷണങ്ങള്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ശര്‍മയുടെ പ്രവാചക നിന്ദ രാജ്യത്തുടനീളം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കും വികാരങ്ങള്‍ ആളിക്കത്തിച്ചതിനും കാരണമായെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീം കോടതി ജഡ്ജിമാര്‍ രാജ്യത്തെ അവസ്ഥയെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും അതിന്റെ പേരില്‍ ഒരു പ്രശ്‌നം സൃഷ്ടിക്കപ്പെട്ടുവെന്ന് ഗെലോട്ട് പറഞ്ഞു.
അടുത്തിടെ ജസ്റ്റിസ് പര്‍ദിവാലയും ജസ്റ്റിസ് സൂര്യകാന്തും ഒരു കാര്യം പറഞ്ഞിരുന്നു. ജുഡീഷ്യറിയെ ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്. മുന്‍ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 116 പേര്‍ ജഡ്ജിമാര്‍ക്കെതിരെ രംഗത്തുവന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.  

ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍, വിവിധ ഹൈക്കോടതികളില്‍ നിന്നുള്ളവര്‍ എന്നിവര്‍ പങ്കെടുത്ത 18-ാമത് ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ജയ്പൂരിലെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഗെലോട്ട്.

വിരമിക്കലിന് ശേഷമുള്ള ആശങ്കകള്‍ ജഡ്ജിമാരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. ജഡ്ജിമാരും ബ്യൂറോക്രാറ്റുകളും, വിരമിക്കലിന് ശേഷമുള്ള അവരുടെ അഭിലാഷങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ രാജ്യത്തെ സേവിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ എം.പിയായി നാമനിര്‍ദ്ദേശം ചെയ്ത കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.  2018 ല്‍ ദല്‍ഹിയില്‍ നടന്ന അഭൂതപൂര്‍വമായ പത്രസമ്മേളനത്തില്‍ ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞ നാല് സുപ്രീം കോടതി  ജഡ്ജിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. തുടര്‍ന്ന് അദ്ദേഹം ചീഫ് ജസ്റ്റിസായി, പിന്നീട് പാര്‍ലമെന്റേറിയനായി- ഗെലോട്ട് പറഞ്ഞു.
ഒരാള്‍ മുഖ്യമന്ത്രിയോ, എംഎല്‍എയോ, എംപിയോ, ജഡ്ജിയോ ആകുകയും രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ അതില്‍്  അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ നാളെ എന്തായിത്തീരും, റിട്ടയര്‍മെന്റിന് ശേഷം എന്തു സംഭവിക്കും.  എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഇത് ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും വിഷമിപ്പിക്കുകയാണെങ്കില്‍, കാര്യങ്ങള്‍ എങ്ങനെ നേരാം വണ്ണം പ്രവര്‍ത്തിക്കും- ഗെലോട്ട് ചോദിച്ചു.

 

Latest News