സംഭവിച്ചതൊന്നും അറിയാതെ ആസിഫയുടെ ഉമ്മ; ഭയം മൂലം കുടുംബം ഗ്രാമം വിട്ടു

കതുവയിലെ രസന ഗ്രാമത്തിലെ ആസിഫയുടെ വീട്‌

ശ്രീനഗര്‍- ജമ്മുവിലെ കതുവയില്‍ ഹിന്ദുത്വവാദികള്‍ തട്ടിക്കൊണ്ടു പോയി തടങ്കലിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫ ബാനുവിന് എന്താണു സംഭവിച്ചതെന്ന് ഉമ്മ ഇനിയും അറിഞ്ഞിട്ടില്ല. ആസിഫയുടെ ഉപ്പയാണ് ഇകകാര്യം വെളിപ്പെടുത്തിയത്. 'ആസിഫയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെടുത്ത ജനുവരി 17 മുതല്‍ കടുത്ത വിഷാദത്തിലായി മരുന്ന് കഴിക്കുന്ന അവളോട് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്റെ മകള്‍ എത്ര ക്രൂരമായാണ് കൊല ചെയ്യപ്പെട്ടെതെന്ന് മകളുടെ ഉമ്മ അറിഞ്ഞിട്ടില്ല,' 40-കാരനായ ആസിഫയുടെ ഉപ്പ പറയുന്നു.

കാലിമേച്ച് ഉപജീവനം നടത്തുന്ന നാടോടി മുസ്ലിം ഗോത്രമായ ബക്കര്‍വാല്‍ വിഭാഗക്കാരായ ആസിഫയുടെ കുടുംബം ദാരുണ കൊലപാതകത്തെ തുടര്‍ന്ന് കതുവയിലെ രസന ഗ്രാമത്തിലെ വീടും പറമ്പും ഉപേക്ഷിച്ചു ബന്ധുവീട്ടിലാണിപ്പോള്‍. രസനയില്‍ നിന്നും ആസിഫയുടെ മുസ്ലിം കുടുംബത്തെ ഭീതിപ്പെടുത്തി ഓടിക്കാന്‍ ലക്ഷ്യമിട്ട് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ആസിഫയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്. ഈ സംഭവത്തോടെ മേഖലയില്‍ വര്‍ഗീയമായും രാഷ്ട്രീയമായും ധ്രുവീകരണം സംഭവിച്ചിരിക്കുകയാണ്. 

സാധാരണ ഒരു മാസം കൂടി കഴിഞ്ഞാണ് മലയോര മേഖലകളിലേക്കുള്ള ബകര്‍വാലകളുടെ കുടിയേറ്റം. എന്നാല്‍ ആസിഫയുടെ കൊലപാതകത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഇവര്‍ ഗ്രാമം വിട്ടുപോയിരിക്കുകയാണ്. വേനല്‍ കാലത്ത് തങ്ങളുടെ കാലികളും മറ്റുമായി കുടുംബ സമേതം മലയോര മേഖലകളിലേക്ക് പോകുന്ന ബകര്‍വാലകള്‍ കൊടും ശൈത്യ കാലത്താണ് തിരിച്ചിറങ്ങുക. 

ആസിഫയുടെ കുടുംബം പശ്ചാത്തലത്തില്‍ ഒരു സ്‌നേഹമൂറും കഥ കൂടിയുണ്ട്. ഒരു വയസ്സു പൂര്‍ത്തിയാകുന്നതു വരെ മാത്രമെ ആസിഫ സ്വന്തം ഉമ്മയുടേയും ഉപ്പയുടേയും കുടെ കഴിഞ്ഞിട്ടുള്ളൂ. പിന്നീട് ഉപ്പയുടെ അര്‍ധ സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് ആസിഫ മരിക്കുന്നതു വരെ കഴിഞ്ഞത്. ഇവരുടെ മൂന്ന് ആണ്‍മക്കളും ഒരു മകളും വാഹനപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് വളര്‍ത്തു മകളായി ആസിഫയെ ഇവര്‍ ഏറ്റെടുത്തത്. മക്കളെ നഷ്ടപ്പെട്ട ഇവരുടെ വേദന താങ്ങാനാവാതെയാണ് ഞാനും ഭാര്യും ആസിഫയെ വിട്ടുകൊടുത്തതെന്ന് സ്വന്തം ഉപ്പ പറയുന്നു. ഇരുവരും സ്വന്തം മകളെ പോലെ ആസിഫയെ നോക്കി വളര്‍ത്തി. സ്വന്തം ഉപ്പയും ഉമ്മയും ഇടക്കിടെ സന്ദര്‍ശിക്കാനെത്തുമെങ്കിലും വളര്‍ത്തു മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാനാണ് ആസിഫ ഇഷ്ടപ്പെട്ടിരുന്നത്. ഞങ്ങളും ആസിഫയുടെ വളര്‍ത്തു മാതാപിതാക്കളും ഒരു പോലെ തകര്‍ന്നിരിക്കുകയാണിപ്പോള്‍- ഉപ്പ പറയുന്നു. 

രസന ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് ആരോടും ശത്രുതയോ വിദ്വോഷമോ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുതിരകള്‍ അവരുടെ കൃഷി നശിപ്പിക്കുകയോ മറ്റൊ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എന്നെ കൊല്ലാമായിരുന്നു. ആ പൈതലിനോട് അവരെന്തിനീ ക്രൂരത ചെയ്തു?- ഉപ്പ ചോദിക്കുന്നു. എന്റെ മകളെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഷോക്കടിപ്പിച്ച് ക്രൂരമായി കൊന്നവരെ പൊതുജന മധ്യത്തില്‍ തൂക്കിക്കൊന്നാലെ മറ്റൊരു കുട്ടിക്കും ഇതുപോലുള്ള ഗതി വരാതിരിക്കൂ- ഉപ്പ പറയുന്നു.
 

Latest News