അസര്‍പ്പുമാര്‍ ഏറ്റെടുത്ത് ഒരു പോസ്റ്റ് വൈറലാക്കി, നിങ്ങളും ഷെയര്‍ ചെയ്യും

കണ്ണൂര്‍- ഉള്ളടക്കത്തില്‍ ശ്രദ്ധേയമായ വരികള്‍ അസര്‍പ്പുമാര്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ കാലം നേരിടുന്ന സാമൂഹിക പ്രതിസന്ധികളിലേക്കും പ്രശ്‌നങ്ങൡലേക്കും വിരല്‍ ചൂണ്ടുന്ന പോസ്റ്റ് അസര്‍പ്പ് എന്നു ചുരുക്കത്തില്‍ അറിയിപ്പെടുന്ന അസര്‍പ്പുമാര്‍ മാത്രമല്ല, മറ്റുള്ളവരും വാട്‌സാപ്പിലും ഫേസ് ബുക്കിലും വ്യാപകമായി ഷെയര്‍ ചെയ്യുന്നു.
തന്റെ പേര് 'അഷ്‌റഫ്'* എന്നാണെന്നും നാട്ടുകാരെല്ലാം അതുതന്നെ വിളിക്കണമെന്നും ഒരു നിര്‍ബന്ധവുമില്ല അസര്‍പ്പിന്. കാരണം അസര്‍പ്പിനറിയാം പേരിലല്ല, ചേലിലുമല്ല മഹത്വമുള്ളത് വിശ്വാസത്തിലും കര്‍മത്തിലുമാണത്- എന്നും അസര്‍പ്പ് എന്ന കവിതയില്‍ പറയുന്നു.

കവിത
*അസര്‍പ്പ്*

അസര്‍പ്പ് നല്ലവനാണ്
അവന് മുഖ പുസ്തകമോ
സ്മാര്‍ട്ട് ഫോണോ ഇല്ല
എന്നാലും ലോക വിവരങ്ങളെല്ലാം അപ്‌ഡേറ്റാണ്
കാരണം അസര്‍പ്പ് ജീവിക്കുന്നത് മാര്‍ക്കറ്റിലാണ്;
മറ്റുള്ളവരുടെ ചുമടേറ്റലാണ് ജീവിതം

അസര്‍പ്പ് നല്ലവനാണ്
അവനെപ്പോഴും തിരക്കാണ്,
എങ്കിലും നാട്ടാര്‍ക്കും വീട്ടാര്‍ക്കും
വേണ്ടപ്പെട്ടവനാ.
കാരണം അസര്‍പ്പ് ജോലി കഴിഞ്ഞാ
വീട്ടുകാര്‍ക്കൊപ്പവും നാട്ടുകാര്‍ക്കൊപ്പവുമാണ്
അവരുടെ സന്തോഷമാണ് അവന്റെ സംതൃപ്തി.

അസര്‍പ്പ് നല്ലവനാണ്
അവന്‍ കാലത്തെ ശപിക്കാറില്ല
കാലം അവനേയും നിരാശപ്പെടുത്തിയിട്ടില്ല
കാരണം അസര്‍പ്പിനറിയാം
കാലമാണ് തന്നെ താനാക്കിയത്
കാലം മോശമെന്നെങ്കില്‍
കാലത്തെ തിരിച്ചറിയാത്തരുടെ മോശമാണ്.

അസര്‍പ്പ് നല്ലവനാണ്
അവന് ഒരാളോടും അനിഷ്ടമില്ല
ഒരു കണ്ണും ഒരു മനസ്സും മാത്രമേ അവനുള്ളൂ
എന്നാലും വെറുപ്പിന്റെ കച്ചവടക്കാര്‍
അസര്‍പ്പിനേയും വെറുക്കുന്നു
കാരണം അസര്‍പ്പുമാരാണ്
അവരുടെ ബാരിക്കേഡ്‌സ്

അസര്‍പ്പ് നല്ലവനാണ്
അവന് വലിയ മോഹങ്ങളില്ല;
മനുഷ്യനായി ജീവിക്കണം
മനുഷ്യനായി മരിക്കണം
സൃഷ്ടാവിനെ സംതൃപ്തമായി കാണണം
കാരണം താനെന്നത്
ഇന്നും ഇന്നലെയും നാളെയും
വെറും മണ്ണുമാത്രമാണ്;
ബാക്കിയെല്ലാം നടനനര്‍ത്തന സമസ്യകള്‍ മാത്രം

അസര്‍പ്പ് നല്ലവനാണ്
തന്റെ പേര് 'അഷ്‌റഫ്'* എന്നാണെന്നും
നാട്ടുകാരെല്ലാം അതുതന്നെ വിളിക്കണമെന്നും ഒരു നിര്‍ബന്ധവുമില്ല അസര്‍പ്പിന്
കാരണം അസര്‍പ്പിനറിയാം
പേരിലല്ല, ചേലിലുമല്ല മഹത്വമുള്ളത്
വിശ്വാസത്തിലും കര്‍മത്തിലുമാണത്.

അസര്‍പ്പ് നല്ലവനാണ്
ഏതു പ്രായക്കാര്‍ക്കും അവന്‍ കൂട്ടാണ്, കാര്യമാണ്
എന്നാലും തല താഴ്ത്തിപ്പിടിച്ച ചില ന്യൂജന്‍
അമര്‍ത്തിപ്പിടിച്ച് രഹസ്യം പറയും, ഉള്ളില്‍ കളിയാക്കി ചിരിക്കും
'ഈ കാലത്തും അസര്‍പ്പോ!?'
അതെ, അസര്‍പ്പുമാരെന്നുമുണ്ട്
അവര്‍ക്ക് മരണമില്ല!

              

* അഷ്‌റഫ് = ഏറ്റവും മാന്യന്‍
    
    
    

 

 

Latest News