Sorry, you need to enable JavaScript to visit this website.

സജി ചെറിയാന്റെ വിവാദ  പ്രസംഗത്തിനായി  പോലീസ് ഇരുട്ടിൽ തപ്പുന്നു 

പത്തനംതിട്ട- മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. എംഎൽഎ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിനെതിരെ പോലീസിന് കിട്ടിയ മുഴുവൻ പരാതികളും ക്രോഡീകരിച്ച് ഒറ്റ അന്വേഷണമാണ് നടക്കുന്നത്. കീഴ്‌വായ്പ്പൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പത്ത് ദിവസം കഴിഞ്ഞിട്ടും തുടങ്ങിയിടത്ത് നിന്ന് മുന്നോട്ട് പോയിട്ടില്ല. കോടതിയിൽ പരാതി നൽകിയ അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴി മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് ഭാഗം മാത്രംമാണ് നിലവിൽ പോലീസിന്റെ കയ്യിലുള്ളത്. രണ്ട് മണിക്കൂറും 28 മിനുറ്റും അൻപത്തിയൊൻപത് സെക്കന്റും ദൈർഘ്യമുള്ള പരിപാടിയാണ് ഈ മാസം മൂന്നാം തീയതി മല്ലപ്പളളിയിൽ നടന്നത്ത്. അതുകൊണ്ട് തന്നെ മുഴുവൻ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പോലീസ് വിശദീകരണം.
കഴിഞ്ഞ പത്ത് ദിവസമായി പൊലീസ് മുഴുവൻ പ്രസംഗത്തിനായി ശ്രമം തുടരുകയാണ്. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മാത്രമായിരുന്നു സജി ചെറിയാന്റെ പ്രസംഗം ഉണ്ടായിരുന്നത്. വിവാദ പ്രസംഗം വാർത്തയായതിന് പിന്നാലെ ഈ പേജിൽ നിന്ന് പ്രസംഗം ഡിലീറ്റ് ചെയ്തിരുന്നു. പരിപാടി ചിത്രീകരിച്ച മല്ലപ്പള്ളിയിലെ സ്റ്റുഡിയോ ഉടമയെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സമീപിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് ലൈവ് ആയതിനാൽ പ്രസംഗം റെക്കോർഡ് ചെയ്തിട്ടില്ലെന്നായിരുന്നു സ്റ്റുഡിയോ ഉടമയുടെ മറുപടി.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ് ബുക്ക് പേജിൽ നിന്ന് പ്രസംഗം വീണ്ടെടുക്കാൻ കഴിയുമെന്നിരിക്കെ പോലീസ് അതിന് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം സംസ്ഥാന ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ പരാതിക്കൊപ്പം മല്ലപ്പള്ളി പിരിപാടിയുടെ പൂർണരൂപം സമർപ്പിച്ചിട്ടുണ്ട്. ഇത് കോടതിയിൽ നൽകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
 

Latest News