വിഡിയോ കണ്ടാലറിയാം,  ആരുടേതാണ് കുറ്റം

തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 
പോലീസിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ട് നീങ്ങിയ ഓട്ടോയാണ് ആംബുലന്‍സില്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഇടിച്ചു. ഒരു കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ല.
രണ്ടുദിവസം മാത്രം പ്രായമായ ശിശുവിന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്കു വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.  കുഞ്ഞുമായി ആംബുലന്‍സ് വരുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബൈപാസിലേക്കു തിരിയുന്ന വാഹനങ്ങള്‍ കഴക്കൂട്ടം പോലീസ് തടഞ്ഞു നിര്‍ത്തിയിരുന്നു. 
ശിശു ജനിക്കുമ്പോള്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് കോഴിക്കോട് സ്വദേശി അന്‍ഷാദ് ആംബുലന്‍സില്‍ നവജാതശിശുവും രക്ഷാകര്‍ത്താക്കളുമായി വന്നത്. ഉച്ചയ്ക്ക് 12 മണിക്കു കോഴിക്കോടു നിന്നു തിരിച്ച ആംബുലന്‍സ് വൈകുന്നേരം 5.15നു തിരുവനന്തപുരത്തെത്തി.

Latest News