സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തി

ജിദ്ദ - ലോകത്തെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനും അറബ് ലോകത്തെ ഏറ്റവും വലിയ ശക്തിയായ സൗദി അറേബ്യയിലെ ഭരണാധികാരികളും പങ്കെടുത്ത സൗദി, അമേരിക്കന്‍ ഉച്ചകോടിക്ക് ചെങ്കടലിന്റെ റാണിയായ ജിദ്ദ ഇന്ന് വൈകീട്ട് സാക്ഷ്യം വഹിച്ചു. ജിദ്ദ അല്‍സലാം കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഹാര്‍ദ്ദമായി സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി അമേരിക്കന്‍ പ്രസിഡന്റ് പിന്നീട് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. ഇതിനു ശേഷം സൗദി കിരീടാകാശിയും അമേരിക്കന്‍ പ്രസിഡന്റും പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയ, യെമന്‍ സംഘര്‍ഷം, ഇറാന്‍ ആണവ പദ്ധതി, ഭീകര വിരുദ്ധ പോരാട്ടം, ഊര്‍ജ സുരക്ഷ അടക്കം നിരവധി വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. വൈകീട്ട് 6.15 ന് ആണ് അല്‍സലാം കൊട്ടാരത്തില്‍ വെച്ച് സല്‍മാന്‍ രാജാവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് 6.45 ന് കിരീടാവകാശിയും അമേരിക്കന്‍ പ്രസിഡന്റും വിശദമായ ചര്‍ച്ചകള്‍ നടത്തി.
 അമേരിക്കന്‍ പ്രസിഡന്റിനെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് റോയല്‍ ടെര്‍മിനലില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. സൗദിയിലെ അമേരിക്കന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് മാര്‍ട്ടിന സ്‌ട്രോംഗും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ഫാരിസ് അസ്അദും അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
ഗള്‍ഫ് ഭരണാധികാരികളും ഈജിപ്ഷ്യന്‍ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും ഇറാഖ് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും പങ്കെടുക്കുന്ന ഗള്‍ഫ്, അമേരിക്ക ഉച്ചകോടി നാളെ ജിദ്ദയില്‍ നടക്കും.

 

Latest News