സൗദിയുടെ ആകാശപാത മുഴുവൻ വിമാനങ്ങൾക്കുമായി തുറക്കുന്നു, സ്വാഗതം ചെയ്ത് അമേരിക്ക

ന്യൂദൽഹി- വ്യോമയാന അതോറിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി എല്ലാ വിമാനക്കമ്പനികൾക്കും സൗദി വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. ആകാശ പാത ഉപയോഗിക്കുന്നതിനുള്ള നിബന്ധന പാലിക്കുന്ന മുഴുവൻ വിമാന കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് ഏവിയേഷൻ അതോറിറ്റി ട്വീറ്റ് ചെയ്തു. അതേസമയം, പുതിയ തീരുമാനം എപ്പോൾ മുതൽ നടപ്പാക്കുമെന്ന് വ്യക്തമല്ല. 
പുതിയ തീരുമാനത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. 'അന്താരാഷ്ട്ര എയർ നാവിഗേഷനിൽ ഉപയോഗിക്കുന്ന സിവിൽ എയർക്രാഫ്റ്റുകൾക്കിടയിൽ വിവേചനമില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 1944-ലെ ചിക്കാഗോ കൺവെൻഷനിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള സൗദിയുടെ താൽപ്പര്യത്തിന്റെ ഫലമായാണ് ഈ തീരുമാനമുണ്ടായതെന്ന് സൗദി ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി. 
'മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും അന്താരാഷ്ട്ര വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ലക്ഷ്യത്തിലെത്തിക്കാനാണ് പുതിയ തീരുമാനമെന്നും ഏവിയേഷൻ അഥോറിറ്റി വ്യക്താക്കി. സൗദിയെ ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2021 ജൂണിൽ പ്രഖ്യാപിച്ചിരുന്നു. നാഷണൽ ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സ് സ്ട്രാറ്റജി എന്ന് പേരിട്ടിരിക്കുന്ന സമഗ്ര പരിപാടി - എയർ കാർഗോ മേഖലയുടെ ശേഷി 4.5 മില്യൺ ടണ്ണിൽ കൂടുതലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

Latest News