ന്യൂദൽഹി- ദൽഹിയിൽ പതിനാറുകാരിയെ വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തു. തെക്കൻ ദൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്ക് 44 കിലോമീറ്ററോളം കാറോടിച്ചാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
ജൂലൈ 6 ന് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വൈകുന്നേരം വസന്ത് വിഹാർ മാർക്കറ്റിൽ വെച്ച് പ്രതികളിൽ രണ്ടുപേരെ കണ്ടുമുട്ടിയതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്കൊപ്പം കുറച്ചുനേരം ഇവർ അവിടെ ചെലവിട്ടു. അൽപസമയം മറ്റൊരാൾ കാറുമായി വന്ന് പെൺകുട്ടിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു. മദ്യം കലർത്തി തന്നെ കാറിൽ കയറ്റി കയറ്റുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
കാർ നഗരത്തിലൂടെ ഓടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റകൃത്യം ചെയ്യുന്നതിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചു. ചികിത്സ തേടിയെത്തിയതോടെ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. 23, 25, 35 വയസ്സുള്ള മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.