Sorry, you need to enable JavaScript to visit this website.

ലുലു മാളില്‍ നമസ്‌കരിക്കുന്ന വീഡിയോ വൈറലാക്കി വിദ്വേഷ പ്രചാരണം, നമസ്‌കരിച്ചവര്‍ക്കെതിരെ കേസ്

ലഖ്നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ലുലു മാളില്‍ ചിലര്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കി വിദ്വേഷ പ്രചാരണം.   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത കൂറ്റന്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ 7-8 പേര്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായത്.  
വ്യാപകമായി പ്രചരിച്ച വീഡിയോക്കുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണവും തുടരുകയാണ്. ആളുകള്‍ മാള്‍ അഡ്മിനിസ്‌ട്രേഷനെ ചോദ്യം ചെയ്യുന്നു.  സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ആയിരക്കണക്കിന് കമന്റുകളാണ് ലഭിച്ചുത്  #LULUMALLLUCNOW  എന്ന തലക്കെട്ടില്‍  ട്വിറ്ററില്‍ ട്രെന്‍ഡിംഗും ആരംഭിച്ചു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
മാളില്‍ ഒരാള്‍ക്ക് എങ്ങനെ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകുമെന്ന് വിദ്വേഷ പ്രചാരണം നടത്തുന്ന നെറ്റിസണ്‍സ് ചോദിക്കുന്നു. അതേമസമയം,  സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും  ഒരു തരത്തിലുള്ള മതപരമായ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ലുലു മാള്‍ അഡ്മിനിസ്‌ട്രേഷന്‍  വ്യ്ക്തമാക്കി.
ലഖ്നൗവിലെ ലുലു മാളില്‍ സുന്ദരകാണ്ഡ്  പാരായണം ചെയ്യാന്‍ അനുവദിക്കണമന്ന് ഹിന്ദു ഗ്രൂപ്പ് ആവശ്യപ്പെട്ടു.
ലുലു മാളില്‍ പ്രാര്‍ത്ഥന നടത്തിയവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലുലു മാള്‍ എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഒരു തരത്തിലുള്ള മതപരമായ സമ്മേളനങ്ങളും പ്രാര്‍ത്ഥനകളും  ഇവിടെ അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഫ്‌ളോര്‍ സ്റ്റാഫിനെയും സെക്യൂരിറ്റി സ്റ്റാഫിനെയും  പരിശീലിപ്പിക്കുന്നുണ്ടെന്നും ലുലു മാള്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  
22 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ലുലു മാള്‍ ജൂലൈ 11 നാണ് ഉദ്ഘാടനം ചെയ്തത്. ഷോപ്പിംഗ് കോംപ്ലക്‌സില്‍ രാജ്യത്തെ എല്ലാ ബ്രാന്‍ഡുകളുമു ണ്ട്. സംസ്ഥാനത്തിന്റെ പ്രതിച്ഛായ കൂടുതല്‍ കോസ്മോപൊളിറ്റന്‍ ആക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്തര്‍പ്രദേശിന്റെ മെഗാ പ്രോജക്ടുകളിലൊന്നാണ് ഇത്. നമസ്‌കാര വിവാദത്തിനു പുറമെ, മറ്റു ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചും മാളിനെതിരെ ചില രാഷ്ട്രീയക്കാര്‍ പ്രചാരണം ആരംഭിച്ചിരിക്കയാണ്.

 

Latest News