ആര്‍.എസ്.എസിനെ പോലെ പോപ്പുലര്‍ ഫ്രണ്ടും.. പോലീസ് ഓഫീസറുടെ പരാമര്‍ശം വിവാദമായി 

പട്‌ന-  ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താതമ്യപ്പെടുത്തി ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരസംഘത്തെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിലാണ് പരാമര്‍ശം.  'ആര്‍എസ്എസ് ശാഖകളില്‍ ലാത്തി ഉപയോഗിക്കുന്നതിനു പ്രത്യേകം പരിശീലനം നല്‍കുന്നതുപോലെ, കായിക വിദ്യാഭ്യാസത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അവരുടെ കേന്ദ്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ്' ഇതായിരുന്നു പട്‌ന സീനിയര്‍ എസ്പി മാനവ്ജീത് സിങ് ധില്ലന്റെ പരാമര്‍ശം. പ്രതികള്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വിശദീകരിക്കുന്നതിനിടെതയാണ് ധില്ലന്‍ ഇത് പറഞ്ഞത്.  
ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'എസ്പി തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണ'മെന്ന് ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ധില്ലനില്‍നിന്ന് വിശദീകരണം തേടാന്‍ പോലീസ് നേതൃത്വത്തോടു നിര്‍ദേശിച്ചു.


 

Latest News