Sorry, you need to enable JavaScript to visit this website.

തൊണ്ടിമുതല്‍ മികച്ച മലയാള ചിത്രം; ജയരാജന്‍ സംവിധായകന്‍ 

ന്യൂദല്‍ഹി- ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. വയനാട്ടിലെ പണിയ സമുദയത്തെ കുറിച്ചുള്ള സ്ലേവ് ജനസിസ് എന്ന ചിത്രം കഥേതര വിഭാഗത്തില്‍ പുരസ്‌കാരം നേടി. അനീസ് കെ. മാപ്പിളയുടേയാണ് ഈ ചിത്രം.സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മലയാള ചിത്രങ്ങള്‍ സ്വന്തമാക്കി. ജയരാജാണ് മികച്ച സംവിധായകന്‍- ചിത്രം ഭയാനകം. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണ് മികച്ച ചിത്രം.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ഭയാനകം എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകത്തിനാണ്. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരം ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ നേടി. 2017ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്. 

Latest News