അജ്മീര്‍ ദര്‍ഗ ഖാദിം ഗൗഹര്‍ ചിഷ്തിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അജ്മീര്‍- പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ ഭീഷണി മുഴക്കിയ ശേഷം ഒളിവില്‍ പോയിരുന്ന അജ്മീര്‍ ദര്‍ഗ ഖാദിം ഗൗഹര്‍ ചിഷ്തിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.തെലങ്കാനയിലെ ഹൈദരാബാദില്‍നിന്ന്  ചിഷ്ത്തിയെ കനത്ത സുരക്ഷയോടെയാണ് അജ്മീറിലെത്തിച്ചത്.

ഗൗഹര്‍ ചിഷ്തിയെയും കൂട്ടാളി മുനവ്വറിനെയും അജ്മീറിലെ കിഷന്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒളിവില്‍ പോയ ചിഷ്തിയെ  ഹൈദരാബാദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 17 ന് ദര്‍ഗയ്ക്ക് പുറത്ത് അദ്ദേഹം ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയിരുന്നുവെന്ന്  അജ്മീര്‍ അഡീഷണല്‍ എസ്പി വികാസ് സാംഗ്വാന്‍ പറഞ്ഞു.


അജ്മീര്‍ ശരീഫ് ദര്‍ഗ പരിസരത്ത് പുരോഹിതന്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.  ദര്‍ഗയിലെ മൂന്ന് ഖാദിമുമാരായ ഗൗഹര്‍ ചിഷ്തി, ആദില്‍ ചിഷ്്തി, സര്‍വാര്‍ ചിഷ്തി  എന്നിവര്‍ നൂപുര്‍ ശര്‍മയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നല്‍കി.സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ പുരോഹിതരുടെ പ്രകോപനപരമായ പ്രസ്താവനകള്‍ അജ്മീറിലെ  തിരക്ക് കുറച്ചിരുന്നു. ഇത്  സമീപമുള്ള പ്രാദേശിക കച്ചടക്കാരുടെയും ഹോട്ടലുകളുടെയും ബിസിനസിനെയും ബാധിച്ചു.


അജ്മീര്‍ ശരീഫ് ദര്‍ഗയിലെ ഖാദിം സയ്യിദ് സര്‍വാര്‍ ചിഷ്തി പ്രകോപനപരമായ പരാമര്‍ശങ്ങളുമായി വിവാദമുണ്ടാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ആദില്‍ ചിഷ്തി ഹിന്ദു ദൈവങ്ങള്‍ക്കെതിരെ അങ്ങേയറ്റം ആക്ഷേപകരവും നിന്ദ്യവുമായ പ്രസ്താവനകള്‍ നടത്തിയെന്നും പോലീസ് പറഞ്ഞു.
ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ  പരാമര്‍ശം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. മുഹമ്മദ് നബിയെ അപമാനിച്ചാല്‍ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രസ്ഥാനം മുസ്ലീങ്ങള്‍ ആരംഭിക്കുമെന്ന് അഞ്ജുമാന്‍ കമ്മിറ്റി സെക്രട്ടറി സര്‍വാര്‍ ചിഷ്തി മുന്നറിയിപ്പ് നല്‍കിയിരുന്നു.


അതേസമയം, രാജസ്ഥാനില്‍ മതനേതാക്കള്‍ സംഘടിപ്പിച്ച സമാധാന റാലിയില്‍ സര്‍വാര്‍ ചിഷ്തി പങ്കൈടുത്തിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനപരമായി ഒരുമിച്ച് ജീവിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

Latest News