ശസ്ത്രക്രിയയ്ക്കിടെ ഓപറേഷന്‍ ടേബിള്‍ തകര്‍ന്നു വീണ് രോഗി മരിച്ചു

പട്‌ന- ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപറേഷന്‍ തീയെറ്ററില്‍ ശസ്ത്രക്രിയ നടന്നു വരുന്നതിനിടെ ഓപറേഷന്‍ ടേബിള്‍ നടുവൊടിഞ്ഞ് വീണു രോഗി മരിച്ചു. ഓപറേഷനു നേതൃത്വം നല്‍കിയ ഡോക്ടറുടെ വിരലും ഒടിഞ്ഞു. ഇതോടെ ശസ്ത്രക്രിയ പാതിവഴിയില്‍ മുടങ്ങുകയും അപകടാവസ്ഥയിലായ സ്ത്രീ മരിക്കുകയും ചെയ്തു. പട്‌ന മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന അപകടം കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മരിച്ച രോഗിയായ അന്‍സാരി ഖാത്തൂനിന്റെ നട്ടെല്ലിനായിരുന്നു ശസ്ത്രക്രിയ. ഇതു നടന്നു വരുന്നതിനിടെ പൊടുന്നനെ ടേബിള്‍ നടുവൊടിഞ്ഞ് തകര്‍ന്നു വീഴുകയായിരുന്നു. ഇതിനിടെ രോഗിയും നിലത്തു വീണു.

മെഡിക്കല്‍ കോളെഡില്‍ ജുനിയര്‍ റെസിഡന്റ് ഡോകടര്‍ ബി എന്‍ ചതുര്‍വേദിയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വിരലിനും കാലിനും പരിക്കേറ്റ ഡോക്ടര്‍ക്ക് ശസ്ത്രക്രിയ മുന്നോട്ടു കൊണ്ടു പോകാനായില്ല. ഉടന്‍ തന്നെ അദ്ദേഹം മുതിര്‍ന്ന ഡോക്ടര്‍മാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. എങ്കിലും രോഗിയെ രക്ഷിക്കാനായില്ല. തകര്‍ന്നു വീണ ശസ്ത്രക്രിയ ടേബിള്‍ ഒരു വര്‍ഷം മുമ്പ് വാങ്ങിയതാണെന്ന് ആശുപത്രി സുപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗുരുതരാവസ്ഥയിലാ നവജാതശിശുവിന് സ്‌ട്രെച്ചര്‍ നിഷേധിച്ചതിനു ഇതെ ആശുപത്രി പഴി കേട്ടിയിരുന്നു. ഓക്‌സിജന്‍ സിലിണ്ടറും കുട്ടിയേയും കയ്യില്‍ താങ്ങിയാണ് ആശുപത്രിയില്‍ രക്ഷിതാക്കള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നത്. ഈ കുട്ടി പിന്നീട് മരിക്കുകയും ചെയ്്തു. 


 

Latest News