മുംബൈ- മഹാരാഷ്ട്രയില്‍ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധനവിലയില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പുതിയ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിലാണ് ഇന്ധനവിലയിലെ വാറ്റ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന ഖജനാവിന് 6,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴിയുണ്ടാകുന്നത്.
വാറ്റില്‍ ഇളവ് നല്‍കിയതോടെ മുംബൈയില്‍ പെട്രോളിന് 106.35 രൂപയാകും. മുന്‍പ് ഇത് 111.35 രൂപയായിരുന്നു. ഡീസല്‍ വില 97.28 രൂപയില്‍നിന്ന് 94.28 രൂപയായി കുറയും. പൂനെയില്‍ പെട്രോളിന് 105.88 രൂപയും ഡീസലിന് 92.37 രൂപയുമായിരിക്കും പുതിയ നിരക്ക്. താനെയില്‍ ഇത് യഥാക്രമം 106.49 രൂപയും 94.42 രൂപയുമായിരിക്കും.