ഇടുക്കി-ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളില്‍ വ്യാപക നാശം വിതച്ച് കാലവര്‍ഷം. ബൈസണ്‍വാലിയില്‍ ഉരുള്‍പൊട്ടി. വൈകിട്ടും മഴയും കാറ്റും തുടരുകയാണ്.
പകല്‍ ഒന്നരയോടെയാണ് ജപ്പാന്‍ കോളനിക്ക് സമീപം ഉരുള്‍ പൊട്ടിയത്. ചെമ്മണ്ണാര്‍ - ഗ്യാപ് റോഡിന്റെ താഴ് ഭാഗത്തുള്ള മുട്ടുങ്കല്‍ ശശിയുടെ വീടിനകത്തേക്കാണ് ഉരുള്‍ പൊട്ടി കല്ലും മണ്ണും ഒഴുകിയെത്തിയത്. വീട് വാസയോഗ്യമല്ലാതായി. റോഡിന് മുകളില്‍ 100 മീറ്റര്‍ അകലെ നിന്നാണ് ഉരുള്‍ പൊട്ടിയൊഴുകിയത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
മറയൂര്‍ പാമ്പാര്‍ കവിഞ്ഞൊഴുകി പാലത്തിന്റെ മുകളില്‍ വെള്ളം കയറി. തെങ്കാശിനാഥന്‍ ക്ഷേത്രത്തില്‍ അഞ്ചടി ഉയരത്തില്‍ വെള്ളം കയറി വിഗ്രഹങ്ങള്‍ മുങ്ങി. പുതിയ പാലം നിര്‍മാണത്തിന് ഘടിപ്പിച്ചിരുന്ന ഗര്‍ഡുകള്‍ ഒഴുകിപ്പോയി. മറയൂര്‍ മസ്ജിദിന് സമീപം നിര്‍ത്തിയിട്ടിരുന്ന അക്ബര്‍ അലിയുടെ കാര്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരം വീണ് തകര്‍ന്നു. കുത്തുങ്കല്‍ മാവറ സിറ്റിയില്‍ ഒറ്റപ്‌ളാക്കല്‍ വിന്‍സന്റ് തോമസിന്റെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ മരം വീണ് തകര്‍ന്നു.
ഇരവികുളം ദേശീയ ഉദ്യാനത്തിനടുത്ത് തലയാര്‍ മലനിരകളില്‍ കനത്ത മഴയെ തുടര്‍ന്ന് ആറ്റില്‍ നീരൊഴുക്ക് കൂടിയതോടെ 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പള്ളനാട് കൊല്ലംപാറയില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ആറു മുറിച്ചു കടക്കാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയത്.






