യു.എ.ഇയില്‍ നഴ്‌സായ ആതിരക്ക് ഗോള്‍ഡന്‍ വിസ

അബുദാബി- യു.എ.ഇയില്‍ നഴ്‌സായ ആതിരക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. കോവിഡ് കാലത്ത് യു.എ.ഇയില്‍ നടത്തിയ നഴ്‌സിംഗ് പ്രവര്‍ത്തനത്തിനാണ് വടകര കൂട്ടങ്ങാരം എരുമതടത്തില്‍ സന്തോഷിന്റേയും ഗീതയും മകളായ ആതിരക്ക് ഈ അംഗീകാരം ലഭിച്ചത്. അബുദാബി ആരോഗ്യ വകുപ്പാണ് ഗോള്‍ഡന്‍ വിസക്ക് ദുബായ് എമിഗ്രേഷന്‍ വകുപ്പിന് ശുപാര്‍ശ ചെയ്തത്. 10 വര്‍ഷമാണ് ദുബായ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. കലാ-സാംസ്‌കരിക സേവന സന്നദ്ധ രംഗത്തെ പ്രമുഖര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തെ മലയാള താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കൂട്ടങ്ങാരം വെട്ടം പാലിയേറ്റീവ് ഹോം കെയര്‍ നഴ്‌സ്, വെട്ടം ദുരന്ത നിവാരണ ടീം അംഗം, ഫയര്‍ സര്‍വീസിന് കീഴിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍, മാത്രമല്ല കോവിഡിന്റെ തുടക്കം മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നതിനിടയിലാണ്് നഴ്‌സിംഗ് മേഖലയില്‍ സന്നദ്ധ സേവനം ചെയ്യാനുള്ള അബുദാബി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് അബുദാബിയില്‍ എത്തിയത്. ഭര്‍ത്താവ്: രജനീഷ്. മകള്‍ ഗയാലക്ഷ്മി.

 

 

Latest News