Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ് മാറ്റത്തിന്റെ പാതയിൽ

അപാകതകളെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയവ പരിഹരിച്ച് കൂടുതൽ മോഡേണായി വാട്സ്ആപ്്. അംഗങ്ങളുടെ അമിതാവേശത്തെ ഇനി ഒറ്റ ക്ലിക്കിൽ അവസാനിപ്പിക്കാൻ ഗ്രൂപ്പ് അഡ്മിനാകും. ഗ്രൂപ്പുകളിൽ വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന വാർത്തകളും അഭിപ്രായങ്ങളും കുഴപ്പം പിടിച്ചവയാണെങ്കിൽ അവ നീക്കം ചെയ്യാനുള്ള അധികാരം വാട്‌സ്ആപ്്് അഡ്മിന് നൽകും. മുൻപ് ഇത്തരം സന്ദേശങ്ങൾ ഒഴിവാക്കണമെങ്കിൽ ഗ്രൂപ്പിൽ അവ പോസ്റ്റ് ചെയ്തവരോട് പറഞ്ഞും അഭ്യർത്ഥിച്ചും ഡിലീറ്റ് ചെയ്യിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
വാട്‌സ്ആപ് ഗ്രൂപ്പിന് ഉൾക്കൊള്ളാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിനുമുണ്ട് മാറ്റം. അപ്ഡേഷൻ വരുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി അംഗങ്ങളെ ഉൾക്കൊള്ളാൻ ഓരോ വാട്‌സ്ആപ്് ഗ്രൂപ്പിനുമാകും. നിലവിൽ 256 അംഗങ്ങളെയാണ് ഒരു വാട്‌സ്ആപ്്് ഗ്രൂപ്പിന് ഉൾക്കൊള്ളാനാവുക. ഇത് കുറച്ച് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പുതിയ അപ്‌ഡേഷൻ വരുന്നതോടെ പരിധി 512 ആകും. 256 എന്ന പരിധി മൂലം ഒരു ആവശ്യത്തിന് തന്നെ ഒന്നിലധികം ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ടി വന്നിരുന്ന സംരംഭകർക്കും സ്ഥാപനങ്ങൾക്കുമായിരിക്കും ഇതുകൊണ്ട് കൂടുതൽ പ്രയോജനം.
കൂടാതെ ഒറ്റത്തവണയായി അയയ്ക്കാൻ കഴിയുന്ന ഫയലുകളുടെ വലിപ്പവും ഒറ്റയടിക്ക് ഇരുപത് ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിൽ 2 ജിബി വലുപ്പമുള്ള ഫയൽവരെ ഒറ്റത്തവണയായി അയയ്ക്കാൻ കഴിയും. അതായത് വേണമെങ്കിൽ സിനിമകൾ വരെ ഇനി വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്യാം. മുൻപ് 100 എംബി വരെയുള്ള ഫയലുകൾ മാത്രമായിരുന്നു അയയ്ക്കാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇത് ടെലഗ്രാം ആപ്പിന് സമാനമായ ഒരു അവസ്ഥ സിനിമ പൈറസിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുമോ എന്നത് ഒരു ആശങ്കയാണ്. മറ്റൊരു അപ്ഡേഷൻ വോയ്‌സ് കോളുകളുമായി ബന്ധപ്പെട്ടാണ്. വോയ്സ് കോളുകളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാനാകും. 
ഇപ്പോൾ 8 പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം. ഫെയ്സ്ബുക്കിലേതിന് സമാനമായി സന്ദേശങ്ങളോട് ഇമോജികളാൽ പ്രതികരിക്കാനാകുന്ന അപ്‌ഡേഷൻ കഴിഞ്ഞ ദിവസം വാട്‌സ് ആപ് ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേയുള്ള ഫീച്ചറുകളെക്കുറിച്ചാണ് മുൻപ് പറഞ്ഞത്. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ച് തയാറാക്കിയ അപ്‌ഡേഷനുകൾ വരുന്ന ആഴ്ചകളിലായി ലഭ്യമാകും. വാട്സ് ആപ് അപ്‌ഡേറ്റ് ചെയ്തിട്ടും ഈ ഫീച്ചറുകൾ ഇതു വരെ ലഭിക്കാത്തവർ വിഷമിക്കേണ്ടതില്ല. ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ വാട്‌സ്ആപും കളറാകും.

Latest News