Sorry, you need to enable JavaScript to visit this website.

എല്ലാ ഡാറ്റയും ചോരുന്ന കാലം

മസിനഗുഡിയിൽ റിസോർട്ട് വാടക ഇതാ കുത്തനെ ഇടിഞ്ഞിരിക്കുന്നു. അമ്പത് ശതമാനം പ്രത്യേക ഇളവോടെ മുറി ബുക്ക് ചെയ്യാൻ ഞങ്ങളുമായി ബന്ധപ്പെടൂ എന്ന് സമൂഹ മാധ്യമങ്ങളിൽ ക്ഷണം ലഭിച്ചാൽ ആശ്ചര്യപ്പെടേണ്ടതില്ല. തൊട്ടു മുമ്പുള്ള മണിക്കൂറുകളിൽ കുടുംബ യാത്ര ആസൂത്രണം ചെയ്തയാൾ ഒരു ചെയ്ഞ്ചിന് മസിനഗുഡി റെന്റ്‌സ് എന്നു ഗൂഗിൾ ചെയ്തിരിക്കും. ഇതൊരു വിനോദ യാത്രയുടെ മാത്രം കാര്യമല്ല. ജിദ്ദയിൽ നിന്ന്് നാട്ടിലേക്ക് വരുന്ന ആൾ ജിദ്ദ-കലിക്കറ്റ് എയർഫെയർ എന്ന് സെർച്ച് ചെയ്താലും ഇതു തന്നെ ഗതി. ജിദ്ദ-കാലിക്കറ്റ് വിമാന യാത്ര ഇതാ ഏതാണ്ട് സൗജന്യം പോലെ ഞങ്ങൾ കൊണ്ടു പോകുന്നു എന്ന വാക്കുകളോടെയായിരിക്കും പ്രലോഭനം. കോവിഡ് കാലത്ത് നമ്മുടെ വീടുകളിൽ ഭക്ഷണം എത്തിച്ചത് ഓൺലൈൻ സർവീസ് ഏജൻസിയായ സിഗ്ഗിയായിരുന്നു. അവർക്ക് നമ്മൾ കൊടുത്ത ഭക്ഷ്യവിഭവങ്ങളുടെ ഓർഡറുകളിൽ നിന്ന് അഭിരുചിയെന്തെന്ന്് മനസ്സിലാക്കാവുന്നതേയുള്ളൂ. ഫ്ലിപ്കാർട്ട്, ആമസോൺ മുഖേനയായിരുന്നല്ലോ കൊറോണ കാലം മുതൽവീട്ടമ്മമാർ ഉൾപ്പെടെ പലരും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും മറ്റും ഓർഡർ നൽകിയിരുന്നത്.  ദൽഹി, മുംബൈ, ജയ്പുർ, അഹമ്മദാബാദ്, ബംഗളൂരു നഗരങ്ങളിൽ നിന്ന് കേരളത്തിലെ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വസ്ത്രങ്ങളും പാദരക്ഷകളും കുതിച്ചെത്തി. വിപണിയിലെ നിരക്കിനെ അപേക്ഷിച്ച് ചെറിയ വ്യത്യാസം ഓൺലൈനിൽ കിട്ടുമെങ്കിലും ഉപഭോക്താവിന്റെ ടേസ്റ്റും പ്രിഫറൻസും നാട്ടിലെങ്ങും പാട്ടാവുകയാണ് ചെയ്യുന്നത്. 
കോഴിക്കോട്ടു നിന്ന് ചെന്നൈയിലേക്ക് രാത്രിയിലെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന് വൈകി ബുക്ക് ചെയ്യാനെത്തിയ പേരാമ്പ്ര സ്വദേശിക്ക് ലഭിച്ചത് വെയിറ്റിംഗ് ലിസ്റ്റ് നമ്പർ 78. ട്രെയിൻ സ്റ്റേഷനിലെത്തുന്നത് വരെയും ഇയാളുടെ യാത്ര കൺഫേമായില്ല. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഇടയ്ക്കിടെ മെസ്സേജായി വന്നുകൊണ്ടേയിരുന്നു. ഒരു കാരണവശാലും ട്രെയിനിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പിച്ച് നിൽക്കുന്ന യാത്രക്കാരന് ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന് ആശ്വസിപ്പിക്കുന്ന സന്ദേശമെത്തി. എന്തിന് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി പ്രയാസപ്പെടണം, ഞങ്ങൾ അറേഞ്ച് ചെയ്യുന്ന എ.സി സ്ലീപ്പർ ബസിൽ സുഖകരമായി ചെന്നൈയിലേക്ക് യാത്ര ചെയ്യൂ എന്നായിരുന്നു ഇൻസ്റ്റന്റ് മെസേജ്. മുകളിൽ ഒരാളിരുന്ന് എല്ലാം കാണുന്നുവെന്ന് പറയുന്നത് പോലെയാണ് സൈബർ ലോകത്തെ രഹസ്യ ചോർച്ചയും. ഫേസ്ബുക്കിൽ കാണാറുള്ള പീപ്പിൾ യു മേ നോ എന്ന കാറ്റഗറിയിലെ ആളുകളുടെ കാര്യം തൽക്കാലം വിസ്മരിക്കാം. അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ചെയ്യുന്നതല്ലേ. നമ്മുടേതായ ഒരു സ്വകാര്യവും നിലനിൽക്കാത്ത ഒരു ലോകത്താണ് ജീവിക്കുന്നതെന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതല്ലേ. ആ നല്ല കാലമെല്ലാം പോയ്മറഞ്ഞു. ഇനി ഒരാൾക്കും സ്വകാര്യമുണ്ടാവില്ല. ഇന്റർനെറ്റിൽ നമ്മൾ പരതുന്നതെന്താണെന്ന്് നമ്മുടെ തോളിലിരുന്ന് ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടെന്നതാണ് വാസ്തവം.  ഓരോരുത്തരുടെയും ഡാറ്റ പ്രധാനമാണ്. ഇത് കൈമാറി പണം വാരാനാവുമെന്നതിലും തർക്കമില്ല. 
 ഡാറ്റയുടെ ഉപയോഗമാണ് അതിന്റെ പ്രയോജന മൂല്യം നിർണയിക്കുന്നത്. നമ്മുടെ പേഴ്‌സണൽ വിവരങ്ങളുടെ ആവശ്യക്കാർ ആരാണ്? ഡിമാന്റുള്ള ഡാറ്റയ്ക്ക് പണം തരാൻ ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മൂലധന ശക്തികൾക്കും സ്ഥാപനങ്ങൾക്കും ഒട്ടും പ്രയാസമുണ്ടാവില്ല. 
സ്വർണവും എണ്ണയും മറ്റും ഖനനം ചെയ്ത് കാശുണ്ടാക്കുന്നത് പോലെ ഡാറ്റ ശേഖരിച്ചും ധനികരാവാം. ഡാറ്റ മൈനിംഗ് എന്ന ശാഖ വളർന്ന് പന്തലിക്കുമെന്നതിൽ തർക്കമില്ല. കോർപറേറ്റ് സ്ഥാപനങ്ങൾ ബിസിനസിലെ ടേൺ ഓവർ വർധിപ്പിക്കാൻ ആശ്രയിക്കുന്നത് ഡിജിറ്റൽ ഡാറ്റയെയാണല്ലോ. ഇന്ത്യ പോലെ വിസ്തൃതമായ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ കാര്യമെടുക്കാം. ഒരു ലക്ഷം രൂപ വില വരുന്ന കാർ ഇറക്കി ലോകശ്രദ്ധ പിടിച്ചു പറ്റിയ രാജ്യമാണ് ഇന്ത്യ. ഇപ്പോൾ അതേ നിരക്കിൽ കാർ കിട്ടില്ല. എന്തുകൊണ്ട് ലോ ബജറ്റ് കാറുകൾ തരംഗമായില്ലെന്നറിയാൻ ഇവ ലോഞ്ച്് ചെയ്തതിന് ശേഷം എന്തു സംഭവിച്ചുവെന്നതിന്റെ ഡാറ്റ മാത്രം മതി.  വ്യവസായത്തിലുള്ള മറ്റാരും സമാന ഉൽപന്നങ്ങളുമായി രംഗത്തെത്തിയതുമില്ല. അതു പോലെ ഇന്ധന വില നിത്യേന കുതിച്ചുയർന്ന ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് നല്ല സ്‌കോപ്പുണ്ടെന്നായിരുന്നു ധാരണ. പിന്നീട് എന്തു സംഭവിച്ചുവെന്നത് സമീപകാല ചരിത്രം. 
കാർ നിർമാതാക്കൾ വിപണിയിലെത്തിക്കുന്ന  പുതിയ മോഡലുകൾക്ക് എന്തൊക്കെ സവിശേഷതകൾ വേണമെന്ന് നിശ്ചയിക്കുന്നത് അതത് രാജ്യത്തെ കാർ ഉപഭോക്താക്കളുടെ ഡാറ്റ മൈനിംഗിലൂടെയാണ്. ഈ ഡാറ്റ ശേഖരണം കാർ കമ്പനികൾ നേരിട്ടു നടത്തുന്നില്ല. പകരം ഡാറ്റ മൈനിംഗ് ചെയ്യുന്ന ഐടി കമ്പനികളെ ഏൽപിക്കുന്നു. അവർ ശേഖരിച്ച ഡാറ്റ വൻ തുക വാങ്ങി കോർപറേറ്റ് കാർ കമ്പനികൾക്ക് വിൽക്കുന്നു. 
ഡിജിറ്റൽ ഡാറ്റ ശേഖരിച്ച്് ആസൂത്രണം ചെയ്യാതെ ഒരു ബിസിനസും വിജയിക്കില്ലെന്നായിരിക്കുന്നു. ഓൺലൈനിൽ ഭക്ഷണമെത്തിക്കുന്നവർ ഒരു നഗരത്തിൽ നിത്യേന ഒരു ലക്ഷം പായ്ക്കറ്റ് ചിക്കൻ ബിരിയാണിയാണ് എത്തിക്കുന്നതെങ്കിൽ ഈ സ്ഥിതിവിവര കണക്ക് ഏറ്റവും പ്രയോജനപ്പെടുക ഹോട്ടൽ ബിസിനസ് രംഗത്തിറങ്ങുന്നവർക്കാണ്. ഇതൊന്നും ശ്രദ്ധിക്കാതെ തൈര് സാദം വിൽക്കുന്ന കടകൾ ഇതേ നഗരത്തിൽ ആരംഭിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. 
രഹസ്യങ്ങളില്ലാത്ത സൈബർ ലോകത്ത് മലയാളികൾ കഴിയാൻ തുടങ്ങിയിട്ട് രണ്ട് ദശകത്തിലേറെയായെങ്കിലും കോവിഡ് കാലത്താണ് ഡാറ്റ ചോർച്ച ഏറ്റവും ഗൗരവമായി ചർച്ച ചെയ്തു തടുങ്ങിയത്. കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന്  കൈമാറിയെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടു വർഷം മുമ്പ് ഉന്നയിച്ചത്.  ഈ  ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകിയിരുന്നു.
പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത് പോലെയുള്ള പിആർ കമ്പനിയല്ല സ്പ്രിംഗ്ലർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികളെക്കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലാണ്  ഇത്തരമൊരു സേവനവുമായി കമ്പനി മുന്നോട്ടു വന്നത്. കമ്പനിയുടെ സ്ഥാപകൻ മലയാളിയാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സ്പ്രിങ്ഗ്ലർ എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയറിനോ സേവനത്തിനോ സർക്കാർ പണം നൽകുന്നില്ല. ഇതേ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തോടെ ഇന്ത്യയുടെ സെർവറിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നാട് നേരിടുന്ന പ്രതിസന്ധിക്ക് സ്പ്രിംഗ്ലർ കമ്പനി ഒരു സഹായം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അക്കാലത്ത്് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നത് ഓർക്കാൻ നല്ല രസമാണ്. അതേസമയം, കേരള ഹൈക്കോടതി വളരെ ഗൗരവമേറിയ ഇടപെടലാണ് അന്നു നടത്തിയത്. 
സ്പ്രിംഗ്ലർ ഇടപാടിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിക്കുകയുണ്ടായി.  മെഡിക്കൽ വിവരങ്ങൾ ശേഖരിക്കുന്നത് പ്രാധാന്യമുള്ള വിഷയമാണ്. കമ്പനിക്ക് കരാർ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്നും കോടതി അന്വേഷിച്ചിരുന്നു.  സെൻസിറ്റീവ് ഡാറ്റകൾ ഒന്നു കമ്പനിക്ക് കൈമാറുന്നില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.  ഇടപാടുമായി ബന്ധപ്പെട്ട വ്യവഹാരം ന്യൂയോർക്ക് കോടതിയിൽ വേണമെന്ന വ്യവസ്ഥ സർക്കാർ എന്തുകൊണ്ട് അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു. രണ്ടര ലക്ഷം പേരുടെ വിവരങ്ങൾ സൂക്ഷിക്കാൻ പോലും സർക്കാരിന് കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേ എന്നും ചോദിച്ചു.
ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. കേന്ദ്രം തുടർച്ചയായി ഭരിക്കുന്ന മോഡി സർക്കാർ സോഷ്യൽ എൻജിനീയറിംഗിലൂടെയാണല്ലോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്.  സോഷ്യൽ മീഡിയയിലെ നെഗറ്റീവ് പബ്ലിസിറ്റി പോലും തങ്ങൾക്ക് അനുകൂലമാക്കാൻ ആധുനിക രാഷ്ട്രീയ നേതൃത്വത്തെ ആരും പഠിപ്പിക്കേണ്ടതില്ല.

Latest News