കോൺഗ്രസിന്റെ കീഴടങ്ങൽ രാഷ്ട്രീയം

ദേശീയ മതേതര രാഷ്ട്രീയ കക്ഷി എന്ന നിലയിൽ കോൺഗ്രസിന്റെ സമ്പൂർണ പരാജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ വർഗീയ അജണ്ടയുമായി മുന്നോട്ട് പോകുന്നതിന് അനിവാര്യമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ ശേഷിയുള്ള ബി.ജെ.പിക്ക് കോൺഗ്രസിനെ നിലംപരിശാക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രധാന ശത്രുവിനെ തനിച്ച് നേരിടാൻ കെൽപില്ലാത്ത സാഹചര്യത്തിൽ പ്രാദേശിക കക്ഷികളുമായി കൈകോർക്കുകയെന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി.

മഹത്തായ പാരമ്പര്യമുള്ളതും ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചതുമായ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകളോളം രാജ്യം മുഴുവൻ അടക്കി വാണ കോൺഗ്രസ് കേവലം രണ്ട് സംസ്ഥാനങ്ങളിൽ മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയായി ശോഷിച്ചു പോയെങ്കിലും പഴയ പാരമ്പര്യത്തിന്റെ മറവിൽ ഇപ്പോഴും ഒരു ദേശീയ പാർട്ടിയുടെ പകിട്ടും പത്രാസുമെല്ലാം കൈയാളുന്നുണ്ട്.
രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ സ്വാധീനവും പ്രാദേശിക പാർട്ടികളുടെ പിറവിയുമെല്ലാമാണ് കോൺഗ്രസിന്റെ സംഘടനാ ശക്തിയെ തകർത്ത് തരിപ്പണമാക്കിയതെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ കാലങ്ങളിലായി നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കും പ്രമുഖ പ്രാദേശിക പാർട്ടികൾക്കും മുന്നിൽ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന രീതിയിൽ കോൺഗ്രസ് പാർട്ടി തുടർച്ചയായി കീഴടങ്ങുന്നതിന് വർത്തമാന രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുകയാണ്. 
യഥാർത്ഥത്തിൽ കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്? ബി.ജെ.പിക്ക് വേണ്ടി മികച്ച നേതാക്കളെ ഉൽപാദിപ്പിച്ചു സംഭാവന ചെയ്യുകയെന്ന ദൗത്യമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് പാർട്ടി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ബി.ജെ.പി നേടിക്കൊണ്ടിരിക്കുന്ന വലിയ വളർച്ചയ്ക്ക് അവർ ഒരു പരിധി വരെ കടപ്പെട്ടിരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തോടാണ്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കെത്തിയ കരുത്തരായ നേതാക്കളുടെ പിൻബലത്തിലാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം പിടിച്ചത്. അതിനു സാധിക്കാത്ത സംസ്ഥാനങ്ങളിലാകട്ടെ കോൺഗ്രസിന്റെ ആധിപത്യത്തെ വലിയ രീതിയിൽ തച്ചു തകർക്കാൻ കോൺഗ്രസ് തന്നെ സംഭാവന നൽകിയ നേതാക്കളിലൂടെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ ഈ സംഭാവന മനോഭാവം വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും മികച്ച രീതിയിൽ മുതലെടുത്തുകൊണ്ടിരിക്കുന്നുണ്ട്. 
കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനുള്ളിൽ കോൺഗ്രസിന്റെ തലയെടുപ്പുള്ള നൂറിലേറെ നേതാക്കളാണ് പാർട്ടി വിട്ടുപോയത്. ഇവരിൽ ഭൂരിഭാഗവും പോയതാകട്ടെ, ബി.ജെ.പിയുടെ പാളയത്തിലേക്കും. 2014 മുതതൽ 2021 വരെയുള്ള കാലഘട്ടത്തിൽ എം.പിമാരും എം.എൽ.എമാരുമായ 177 പേരാണ് കോൺഗ്രസ് വിട്ടുപോയതെന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് അവലോകനം ചെയ്യുന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ വിവിധ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികളായി കണ്ടെത്തിയ 222 പേർ തെരഞ്ഞെടുപ്പ് വേളയിൽ മറ്റു പാർട്ടികളിലേക്ക് ചേക്കേറിയതായും ഇവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 
അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറിയത് ബി.ജെ.പി തന്നെയാണ്. മറ്റു പാർട്ടികൾക്കെല്ലാം കൂടി  തരക്കേടില്ലാത്ത വിഹിതം കിട്ടിയെന്ന് മാത്രം. 
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കും മറ്റു പാർട്ടികളിലേക്കും പോയ കഴിവുറ്റതും തലമുതിർന്നതുമായ കോൺഗ്രസ് നേതാക്കളുടെ ഒരു വലിയ നിര തന്നെ എണ്ണാനാകും. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ഗോവയിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്കൊപ്പം പോകാൻ ശ്രമം നടത്തിയപ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് ഒരു വിധത്തിൽ ഇവരെ പിടിച്ചു നിർത്തിയിരിക്കുകയാണ്. എന്നാൽ പോലും പ്രമുഖരായ രണ്ട് എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. അവർ ബി.ജെ.പിയിലേക്ക് പോകാനാണ് സാധ്യത. 
സംഘടനാ ദൗർബല്യത്തോടൊപ്പം തന്നെ നേതാക്കളുടെ കൊഴിഞ്ഞുപോക്കും രാഷ്ട്രീയമായി കോൺഗ്രസിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. സംഘടനയുടെ കെട്ടുറപ്പ് നഷ്ടപ്പെടുന്നതുകൊണ്ട് മാത്രമല്ല കൊഴിഞ്ഞുപോക്ക് തുടരുന്നത്. അധികാരവും ഇവിടെ ഏറ്റവും പ്രധാനമാണ്. അധികാരത്തിന്റെ ശീതളഛായയിൽ വിഹരിച്ചവരാണ് കോൺഗ്രസിന്റെ നേതാക്കളിൽ ബഹുഭൂരിഭാഗവും. കോൺഗ്രസ് എന്നാൽ അധികാരമാണെന്ന് ഉറപ്പിച്ചിരുന്ന കാലം മുതൽ തന്നെ പാർട്ടിക്കൊപ്പം ചേർന്ന് അധികാരത്തിന്റെ എല്ലാ ലഹരിയും നുണഞ്ഞവർക്ക് അധികാരമില്ലാതെ ഒരു നിമിഷം പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു. സ്വാഭാവികമായും അധികാരം തരാൻ തയാറുള്ളവരുടെ കൈപിടിച്ച് അവർ പടിയിറങ്ങും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
അധികാരക്കൊതിയൻമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബി.ജെ.പി നേതൃത്വത്തിന് പ്രത്യേകിച്ച് നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമൊന്നും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കാട്ടി നേതാക്കളെ വശീകരിച്ച് കോൺഗ്രസിനെ പൂർണമായും തകർത്താൽ കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം സഫലീകരിക്കാൻ അധികകാലം കാത്തുനിൽക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പിക്ക് കൃത്യമായ ധാരണയുണ്ട്. അത് അവർ വളരെ മികച്ച രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. 
2024 ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപിന്റെ പ്രശ്‌നമാണ്. അധികാരത്തിലേറുകയെന്നതല്ല, മറിച്ച് സംഘടനാപരമായി നിലനിൽക്കുകയെന്നതായിരിക്കും കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോൺഗ്രസിൽ അവശേഷിക്കുന്ന നേതാക്കളിൽ കുറെ പേരെയെങ്കിലും തെരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും ബി.ജെ.പി നേതൃത്വം പയറ്റുമെന്നതിൽ തർക്കമില്ല. അതിന്റെ അനുരണനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. 
കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പലരും എവിടേക്ക് വേണമെങ്കിലും വീഴാൻ തക്ക രീതിയിൽ ആടിയാണ് നിൽക്കുന്നത്. മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുൻപ് തന്നെ ചാടി രക്ഷപ്പെട്ടില്ലെങ്കിൽ പിന്നീടൊരിക്കലും അതിന് കഴിയില്ലെന്ന ബോധ്യവും ഇവരിൽ പലർക്കുമുണ്ട്.  തക്ക സമയത്ത് ഓഫർ നൽകാൻ ബി.ജെ.പി നേതൃത്വം ചാക്കുമായി തയാറെടുത്ത് നിൽക്കുന്നുമുണ്ട്. വല മുറിച്ച് പുറത്ത് ചാടാൻ നിൽക്കുന്നവരെ വലയ്ക്കുള്ളിൽ തന്നെ നിർത്തുകയെന്നതായിരിക്കും അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുൻപ് സോണിയ ഗാന്ധിയും രാഹുലുമെല്ലാം നേരിടുന്ന വെല്ലുവിളി. 
സംഘടന സംവിധാനം തീർത്തും ദുർബലമാകുകയും വീതം വെയ്ക്കാൻ രാഷ്ട്രീയാധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വെല്ലുവിളി നേരിടാൻ എത്രത്തോളം കഴിയുമെന്നതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രശ്‌നം. 
ദേശീയ മതേതര രാഷ്ട്രീയ കക്ഷി എന്ന നിലയിൽ കോൺഗ്രസിന്റെ സമ്പൂർണ പരാജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ വർഗീയ അജണ്ടയുമായി മുന്നോട്ട് പോകുന്നതിന് അനിവാര്യമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ ശേഷിയുള്ള ബി.ജെ.പിക്ക് കോൺഗ്രസിനെ നിലംപരിശാക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രധാന ശത്രുവിനെ തനിച്ച് നേരിടാൻ കെൽപില്ലാത്ത സാഹചര്യത്തിൽ പ്രാദേശിക കക്ഷികളുമായി കൈകോർക്കുകയെന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. അല്ലാതെ പ്രതാപ കാലത്ത് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് കാണിച്ചു നടന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.   

Latest News