പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അതിൽ പരിശീലനം നൽകുന്നതിലും മാത്രമല്ല, വിനോദ സഞ്ചാര മേഖലയിലും സാമ്പത്തിക മേഖലയുടെ വളർച്ചയിലും ജിദ്ദ സീസൺ ചരിത്രമായി. ഏതു തൊഴിൽ രംഗത്തും പണിയെടുക്കാൻ പ്രാപ്തരായ യുവതീ യുവാക്കൾ സൗദി അറേബ്യക്കുണ്ടെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു ജിദ്ദ സീസൺ. ചുറുചുറുക്കും സാമർഥ്യവും ഭാഷ പ്രാവീണ്യവുമൊക്കെ പ്രകടമാക്കുന്ന, വിദേശികളുടെ സഹായവും സാന്നിധ്യവുമില്ലാതെ ഏതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും തങ്ങൾക്കാവുമെന്നും ലോകത്തെ വിളിച്ചറിയിക്കുകയായിരുന്നു അവർ.
പുതിയൊരു തൊഴിൽ സംസ്കാരത്തിന്റെ പിറവി കൂടിയായിരുന്നു ജിദ്ദ സീസൺ. സ്വദേശി യുവതീ യുവാക്കളുടെ തൊഴിലിനോടുള്ള ആഭിമുഖ്യവും ഏതു തൊഴിലും ചെയ്യാനുള്ള താൽപര്യവും ഏതു വിഭാഗം ജനങ്ങളെയും കൈകാര്യം ചെയ്യാനുള്ള സാമർഥ്യവുമെല്ലാം പ്രകടമാക്കുന്നതായിരുന്നു ജിദ്ദ സീസൺ. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അതിൽ പരിശീലനം നൽകുന്നതിലും മാത്രമല്ല, വിനോദ സഞ്ചാര മേഖലയിലും സാമ്പത്തിക മേഖലയുടെ വളർച്ചയിലും ജിദ്ദ സീസൺ ചരിത്രമായി. ഏതു തൊഴിൽ രംഗത്തും പണിയെടുക്കാൻ പ്രാപ്തരായ യുവതീ യുവാക്കൾ സൗദി അറേബ്യക്കുണ്ടെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു ജിദ്ദ സീസൺ. ചുറുചുറുക്കും സാമർഥ്യവും ഭാഷ പ്രാവീണ്യവുമൊക്കെ പ്രകടമാക്കുന്ന, വിദേശികളുടെ സഹായവും സാന്നിധ്യവുമില്ലാതെ ഏതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും തങ്ങൾക്കാവുമെന്നും ലോകത്തെ വിളിച്ചറിയിക്കുകയായിരുന്നു അവർ. പുതിയ തലമുറ പഴയ തലമുറയിൽനിന്നു ഏറെ വ്യത്യസ്തമാണെന്ന് അവർ തെളിയിച്ചു. പണി എടുക്കാൻ മടിയുള്ളവരെന്ന പേരുദോഷവും അവർ തിരുത്തി എഴുതി. ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിലൂടെ ഏതു തൊഴിലും തങ്ങൾക്കു വഴങ്ങുമെന്ന് ജിദ്ദ സീസണിലെ ഓരോ വേദികളിലുടെയും ഓടി നടന്നു കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് യുവജനത തെളിയിക്കുകയായിരുന്നു. ജിദ്ദ സീസൺ പോലുള്ള പരിപാടികൾ സീസണൽ പരിപാടിയാണെങ്കിലും സ്വദേശി തൊഴിൽ വിപണിക്ക് അതു വലിയ ഉണർവാണ് നൽകിയത്. സൗദി വിഷൻ 2030 അനുസരിച്ച് സ്വദേശി ഉദ്യോഗാർഥികൾക്ക് തൊഴിൽ വിപണിയിൽ ചേരാനുള്ള അവസരങ്ങൾ ഇതു വഴി കൂടുതൽ തുറന്നു കിട്ടി. 14 ഇനം തൊഴിലുകളുടെ പ്രാദേശികവത്കരണത്തിന് ജിദ്ദ സീസൺ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
പ്രത്യക്ഷമായും പരോക്ഷമായും 76,000 ലേറെ തൊഴിലവസരങ്ങളാണ് ജിദ്ദ സീസൺ സൃഷ്ടിച്ചത്. അതിൽ 74,000 ലേറെ തൊഴിലസരങ്ങളും വിനിയോഗിച്ചത് സ്വദേശി യുവതീ യുവാക്കളായിരുന്നു. ആകെയുള്ള തൊഴിൽ അവസരങ്ങളിൽ 80 ശതമാനവും അവർ സ്വന്തമാക്കി. പരിപാടികളുടെ മേൽനോട്ടക്കാരും നടത്തിപ്പുകാരും മാത്രമായിരുന്നില്ല, താഴെ തട്ടിലുള്ള ചെറിയ തൊഴിലുകളിൽ വരെ ഊർജസ്വലരായാണ് അവർ പ്രവർത്തിച്ചത്. ഇത് കാണികളായി എത്തിയ ലക്ഷക്കണക്കിനു പേരെ ആകർഷിക്കുന്നതായിരുന്നു. ഇവന്റ് മേഖലക്കാവശ്യമായ തൊഴിലുകളിൽ നിപുണരായവരെ കണ്ടെത്താൻ മുത്തലിബ് എന്ന പ്ലാറ്റ്ഫോം വലിയ പങ്കാണ് വഹിച്ചത്. ഈ പ്ലാറ്റ്ഫോമിലൂടെ ഓരോ വിഭാഗങ്ങളിലും ആവശ്യമായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് എളുപ്പം കഴിഞ്ഞു. ജിദ്ദ സീസൺ കാണാനും അതിൽ പങ്കെടുക്കാനുമെത്തിയവരെ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഏതു കാര്യത്തിലും യാതൊരു മടിയും കൂടാതെ സഹായിക്കാൻ ഓടിയെത്തുന്ന ചുറുചുറുക്കുള്ളരായിരുന്നു ഓരോ ജീവനക്കാരും. ഓരോ വേദികളിലും നടക്കുന്ന പരിപാടികളെക്കുറിച്ച് ഓരോരുത്തർക്കും വിശദീകരിച്ചു നൽകാൻ തക്ക പ്രാപ്തിയും ഭാഷ നിപുണതയും ജീവനക്കാരായ ഓരോരുത്തർക്കും ഉണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിലും കാൽനടയായി വേദികളിലേക്ക് എത്തുന്നവർക്ക് അനായാസം കടന്നു പോകുന്നതിനും വഴിനീളെ നിർദേശങ്ങളും അറിയിപ്പുകളുമായി അവർ നിലയുറപ്പിച്ചിരുന്നു. അതിഥികളായി എത്തുന്ന ഓരോരുത്തർക്കുമൊപ്പം ഓരോ വേദികളിലെയും പരിപാടികൾ വിശദീകരിച്ചും അവരുടെ മനം കവരുന്ന ഹോസ്പിറ്റാലിറ്റി സമ്മാനിച്ചുമാണ് ഓരോരുത്തരും പ്രവർത്തിച്ചത്. പ്രിൻസ് മാജിദ് പാർക്ക്, ജിദ്ദ ആർട്ട് പ്രൊമനേഡ്, ജിദ്ദ ജംഗിൾ, ജിദ്ദ യാട്ട് ക്ലബ്ബ്, ലൂന, ഹിസ്റ്റോറിക് ജിദ്ദ തുടങ്ങിയ വേദികളിലായിരുന്നു പരിപാടികളിലേറെയും നടന്നത്. രാവേറെ ചെല്ലുന്ന ഈ വേദികളിലെ പരിപാടികളിലേക്ക് ഒഴുകിയെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ അക്ഷീണ പ്രയത്നമാണ് ഓരോരുത്തരും നടത്തിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിമൂന്നു പ്രധാന പ്രദേശങ്ങളിലാണ് ജിദ്ദ സീസൺ പരിപാടികൾ അരങ്ങേറിയത്. രണ്ടു മാസം നീണ്ട ജിദ്ദ സീസണിൽ 36 ലേറെ ഷോകളിലും ഇവന്റുകളിലുമായി 4200 ലേറെ കല, സാംസ്കാരിക, കായിക, വിനോദ പരിപാടികളാണ് അരങ്ങേറിയത്. ഇത് കണ്ടാസ്വദിക്കുന്നതിനും പങ്കെടുക്കുന്നതിനുമായി 60 ലക്ഷത്തിലേറെ പേരാണ് എത്തിയത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്കു പുറമെ 129 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ജിദ്ദ സീസൺ പരിപാടികൾ കാണാനെത്തി. വിദേശികളെപ്പോലെ സ്വദേശി യുവാക്കളുടെ പ്രവർത്തന മികവ് പ്രകടമാക്കുന്നതായിരുന്നു ഓരോ പരിപാടികളും. സർഗാത്മക പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടമാക്കുന്നതിനും അതു വിപണനം ചെയ്യുന്നതിനും ഉതകുംവിധത്തിലുള്ള അവസരങ്ങളും ജിദ്ദ സീസൺ സൃഷ്ടിച്ചു. ഇക്കാര്യത്തിൽ സംഘാടകർ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നു വേണം പറയാൻ. കഴിവുള്ളവർ ആരായിരുന്നാലും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നതൂ കൂടിയായിരുന്നു ജീദ്ദ സീസൺ. കൂടാതെ ഓരോ രാജ്യക്കാർക്കും അവരുടെ കല, സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും ജിദ്ദ സീസൺ വേദിയായി. അൽ മാജിദ് പാർക്കിൽ നടന്ന ഇന്ത്യൻ സാംസ്കാരിക പരിപാടി ഇന്ത്യൻ സമൂഹത്തിന്റെ സാംസ്്കാരിക കരുത്തു തെളിയിക്കുന്ന വർണാഭമായ ദൃശ്യ, ശ്രാവ്യ വിരുന്നായിരുന്നു. സ്വദേശികൾക്കു പുറമെ വിവിധ രാജ്യക്കാരായ ആയിരങ്ങളെയാണ് ഈ പരിപാടി ആകർഷിച്ചത്. ഇന്ത്യൻ സമൂഹത്തിനു സൗദി നൽകുന്ന പ്രധാന്യം വിളിച്ചറിയിക്കുന്നതു കൂടിയായിരുന്നു ഈ വേദി.
സൗദിയുടെ വിനോദ സഞ്ചാര മേഖലക്ക് ശക്തി പകരുന്നതിന് ജിദ്ദ സീസൺ വഹിച്ച പങ്ക് വളരെ വലുതാണ്. വിനോദ സഞ്ചാര മേഖലയിലെ വിഷൻ 2030 ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേഗം പകരാൻ സീസൺ സഹായിച്ചിട്ടുണ്ട്. ജിദ്ദ സീസണിൽ അരങ്ങേറിയ പരിപാടികൾ വ്യത്യസ്ത ഇടങ്ങളിൽ തുടരാൻ അധികൃതരെ പ്രേരിപ്പിച്ച ഘടകം ഇത്തരം പരിപാടികളിലുള്ള വിനോദ സഞ്ചാരികളുടെ ആകർഷണമാണ്. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടത്താൻ കഴിയും വിധത്തിൽ സന്ദർശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോൾ ലഘൂകരിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. ജിദ്ദ സീസൺ സാമ്പത്തിക മേഖലക്കും വലിയ ഉണർവാണ് സമ്മാനിച്ചത്. നിക്ഷേപകരെ ആകർഷിക്കാനും സാമ്പത്തിക മേഖലയെ ചലിപ്പിക്കാനും ജിദ്ദ സീസണിനായി. ആഗോള പങ്കാളിത്തം ഉറപ്പാക്കിയുള്ള വ്യവസായ കാഴ്ചപ്പാട് രൂപപ്പെടുത്തി, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും സാമ്പത്തിക വരുമാനം വർധിപ്പിക്കാനും ജിദ്ദ സീസൺ സഹായിച്ചു. ദിവസങ്ങളോളം നീണ്ടു നിന്ന കല, സാംസ്കാരിക പരിപാടികൾ സമ്മാനിച്ച വൈവിധ്യമാണ് ജിദ്ദ സീസണിന്റെ മറ്റൊരു സവിശേഷത.






