Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്ക്; പ്രതികരണവുമായി ഉവൈസി

ഹൈദരാബാദ്- പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സന്ദര്‍ഭം പ്രധാനമാണെന്ന് പാര്‍ലമെന്റില്‍ വിലക്കപ്പെട്ട വാക്കുകളുടെ പട്ടികയെ കുറിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.
പാര്‍ലമെന്റില്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന വാക്കുകളുടെ പട്ടിക ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ സന്ദര്‍ഭം വളരെ പ്രധാനമാണ്. പല വാക്കുകളേയും നിങ്ങള്‍ക്ക് അണ്‍പാര്‍ലമെന്ററി വാക്കുകള്‍ എന്ന് വിളിക്കാന്‍ കഴിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അഴിമതി', 'ജുംലജീവി', 'നുണ' എന്നിവ ഉള്‍പ്പെടുന്ന അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടിക ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയതിനു പിന്നാലെയാണ് പ്രതികരണം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ്  പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ള 'അണ്‍പാര്‍ലമെന്ററി'യായിട്ടുള്ള വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചത്. അഴിമതി, അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സര്‍ക്കാര്‍ പുതിയതായി 'അണ്‍പാര്‍ലമെന്ററി'യായി പ്രഖ്യാപിച്ചത്. കാപട്യം, കരിദിനം, കഴിവില്ലാത്തവന്‍, ഏകാധിപതി, അരാജകവാദി, വഞ്ചന, കാപട്യം, പീഡിപ്പിക്കപ്പെടുന്നു, ലജ്ജിക്കുന്നു, ഖലിസ്ഥാനി, ശകുനി തുടങ്ങിയ വാക്കുകള്‍ക്കും വിലക്കുണ്ട്.ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.

പാര്‍ലമെന്റ് സമ്മേളിക്കുന്നതിനു മുന്നോടിയായി വിവിധ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് കൈപ്പുസ്തകം ഇറക്കാറുണ്ട്. അതിലാണ് പാര്‍ലമെന്റില്‍ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ വാക്കുകളെക്കുറിച്ച് വിശദീകരിക്കുക. സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാനിടയുള്ള വാക്കുകളേക്കുറിച്ചും ഇതില്‍ വിശദീകരിക്കാറുണ്ട്. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പുതുക്കിയിറക്കിയ പതിപ്പിലാണ് അറുപത്തഞ്ചോളം വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയത്.

മേല്‍പ്പറഞ്ഞ വാക്കുകളെല്ലാം ഇനിമുതല്‍ 'അണ്‍പാര്‍ലമെന്ററി' ആയിരിക്കുമെന്നാണ് അറിയിപ്പ്. ഈ വാക്കുകള്‍ സഭാംഗങ്ങള്‍ ഉപയോഗിച്ചാലും അത് രേഖകളില്‍നിന്ന് നീക്കം ചെയ്യുമെന്നും കൈപ്പുസ്തകം വിശദീകരിക്കുന്നത്. അതേസമയം, വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ അവസാന വാക്ക് രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമായിരിക്കും.


യു.പിയിലെ ആറ് കേസുകള്‍
റദ്ദാക്കാന്‍ സുബൈര്‍ സുപ്രീം കോടതിയില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് എഫ്ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചു.
അതേസമയം, അദ്ദേഹത്തെ യു.പിയിലെ ഹത്രാസ് കോടതി വ്യാഴാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുബൈറിനെതിരായ ആറ് കേസുകള്‍ അന്വേഷിക്കാന്‍ യു.പി സര്‍ക്കാര്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുമുണ്ട്.

 

 

Latest News