കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം- കരകുളത്ത് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമല്‍ കുമാര്‍ (36), ഷിബു എന്നിവരാണ് മരിച്ചത്. കരകുളം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപം സ്വകാര്യ ആശുപത്രിക്ക് വേണ്ടിയുള്ള കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്. അടിത്തറക്കായി വാനം വെട്ടുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ജെ.സി.ബി ഉപയോഗിച്ചെടുത്ത കുഴി വൃത്തിയാക്കുന്നതിനായി നാല് പേര്‍ കുഴിയിലേക്ക് ഇറങ്ങിയിരുന്നു. ഇവരില്‍ രണ്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും തുടര്‍ച്ചയായി മണ്ണെടുത്തതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം.
മണ്ണെടുപ്പ് മൂലം സമീപത്തെ ടവറുകളും അപകടാവസ്ഥയിലാണെന്ന പരാതിയുമായി നാട്ടുകാരും രംഗത്തെത്തി. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടെന്നും അപകടാവസ്ഥയില്ലെന്നുമാണ് കരാറുകാരന്റെ പ്രതികരണം. നെടുമങ്ങാട് പോലീസ് കേസെടുത്തു.

 

 

Latest News