Sorry, you need to enable JavaScript to visit this website.

ഉപവസിച്ച മോഡിക്കും അമിത്ഷാക്കും വയർ നിറയെ ട്രോളുകൾ 

ന്യൂദൽഹി- പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനെതിരെ ഉപവസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി പ്രസിഡന്റ് അമിത്ഷാക്കും ഇന്നലെ ട്രോൾ കൊണ്ടു വയർ നിറഞ്ഞു. ഇവർക്കു പുറമെ, പാർട്ടി എം.പിമാരും മന്ത്രിമാരും ഇന്നലെ വിവിധ ഇടങ്ങളിൽ ഉപവസിച്ചു. രണ്ടു ദിവസം മുമ്പ് ഉപവാസം പ്രഖ്യാപിച്ചെങ്കിലും ഇന്നലെ പുറത്തിറങ്ങിയ പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങളടങ്ങിയ കുറിപ്പിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോൾ ബഹളമായിരുന്നു. 
പ്രധാനമന്ത്രിയുടെ ദൽഹി-ചെന്നൈ യാത്രയുടെ ഷെഡ്യൂൾ സഹിതം പോസ്റ്റ് ചെയ്തായിരുന്നു പരിഹാസം. കർണാടകയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായും ഉപവസിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ അമിത്ഷായുടെ ഇന്നലത്തെ പരിപാടികൾ ഇട്ടതിനൊപ്പം കർഷകർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന വിവരം കൂടി ചേർത്തുപോയി. ഇതിനും കിട്ടി കണക്കിനു ട്രോൾ. 
ദൽഹിയിലടക്കം ബി.ജെ.പി നേതാക്കൾ ഉപവസിച്ച കേന്ദ്രങ്ങളോടു ചേർന്ന ഭക്ഷണശാലകൾ നിർബന്ധിച്ച് അടച്ചു പൂട്ടിച്ചിരുന്നു. ഉപവാസത്തിനിടെ ആഹാരം കഴിച്ച് പാർട്ടിയുടെ മാനം കെടുത്തരുതെന്നും സെൽഫിയെടുക്കരുതെന്നും നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു. 
ഉപവസിച്ചുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി ഇന്നലെ കാഞ്ചീപുരത്തെ പ്രതിരോധ പ്രദർശനം ഉദ്ഘാടനം ചെയ്തത്. പാർട്ടി എം.പിമാർ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഉപവസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിൽ കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഉപവാസത്തിന് നേതൃത്വം നൽകി. ദൽഹിയിൽ ചാന്ദ്‌നി ചൗക്കിൽ നടന്ന ഉപവാസ പ്രതിഷേധത്തിൽ കേന്ദ്ര മന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, ഡോ. ഹർഷ വർധൻ, എസ്.എസ്. അലുവാലിയ എന്നിവർ സംബന്ധിച്ചു.
ദൽഹിയിൽ ഉപവാസത്തിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ ആരോഗ്യ നിലയിൽ മാറ്റം വന്നതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചു. അടുത്തയിടെ മൂത്രാശയക്കല്ലിന് ലേസർ ശസ്ത്രക്രിയ നടത്തിയ തിവാരിക്ക് ഉപവാസത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടർമാർ എത്തിയത്. തന്റെ വേദന ജനങ്ങളുടെ വേദനയുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നുമല്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം. 
    

Latest News