കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സൗദി എയർലൈൻസ് സർവീസിന് വൈകാതെ അനുമതി ലഭിക്കുമെന്ന് വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു. സൗദി എയർലൈൻസിന് അനുകൂലമായ റിപ്പോർട്ട് കഴിഞ്ഞ നാലിന് ഡി.ജി.സി.എ.ക്ക് കൈമാറിയിട്ടുണ്ട്. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിനാവും അനുമതി ലഭിക്കുക. ഇതോടെ ഹജ് സർവീസിനും അനുമതിയായേക്കും.
കരിപ്പൂരിൽനിന്ന് സർവീസ് നടത്താൻ എമിറേറ്റ്‌സ് എയറിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ അടുത്ത വർഷത്തെ ലാഭം 162 കോടി രൂപയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷത്തെ ലാഭം 92 കോടി രൂപയാണ്. വിമാനത്താവളത്തിൽ 18 ഭക്ഷ്യ സ്റ്റാളുകൾക്കും 12 റീട്ടെയിൽ ഷോപ്പുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി 80 ലക്ഷം രൂപ വിമാനത്താവളത്തിന് ലഭിക്കുമെന്നും റിസ നിർമാണം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.