മസ്ജിദുന്നബവിയിലെ ആഗ ഹബീബ് അല്‍അഫ്‌രി അന്തരിച്ചു

ആഗ ഹബീബ് അല്‍അഫ്‌രി

മദീന - മസ്ജിദുന്നബവിയിലെ ഏറ്റവും പഴയ ആഗമാരില്‍ ഒരാളായ ആഗ ഹബീബ് മുഹമ്മദ് അല്‍അഫ്‌രി അന്തരിച്ചതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിയില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കി. ജീവിതം മുഴുവന്‍ ദൈവീക മാര്‍ഗത്തില്‍ സമര്‍പ്പിച്ച, കുറ്റിയറ്റുപോയി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ അവസാന കണ്ണികളില്‍ ഒരാളാണ് മസ്ജിദുബവിയുടെ ചരിത്രത്തില്‍ നിന്ന് കൊഴിഞ്ഞുപോയത്.

മദീനയില്‍ മസ്ജിദുന്നബവിയുടെ പരിചരണ ചുമതലക്ക് ജീവിതം ഉഴിഞ്ഞുവെച്ച, അവശേഷിക്കുന്ന മൂന്നു ആഗകളില്‍ ഒരാളായിരുന്നു ആഗാ ഹബീബ് മുഹമ്മദ് അല്‍അഫ്‌രി. ഇനി രണ്ടു ആഗമാര്‍ കൂടിയാണ് മദീനയിലുള്ളത്. മക്കയിലും മദീനയിലും ശേഷിക്കുന്ന ആഗകള്‍ ഏറെ പ്രായം ചെന്നവരാണ്. കൂട്ടത്തില്‍ പെട്ട നിരവധി പേര്‍ മണ്‍മറഞ്ഞുപോയിരിക്കുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്.

ഇരു ഹറമുകളുടെയും ചരിത്രത്തില്‍ സ്വാധീനവും സാന്നിധ്യവും ബാക്കിയാക്കിയാണ് ആഗകള്‍ ഓരോരുത്തരായി വിടവാങ്ങിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി ഹറമിന്റെയും പ്രവാചക പള്ളിയുടെയും പരിചരണത്തില്‍ പകരം വെക്കാനില്ലാത്തവരാണ് ആഗകള്‍. മതാഫ് കഴുകല്‍, പ്രാവുകളുടെ കാഷ്ഠങ്ങള്‍ വൃത്തിയാക്കല്‍, വിളക്കുകള്‍ കത്തിക്കല്‍ എന്നിവ അടക്കം 42 ജോലികള്‍ പഴയ കാലത്ത് ഇരു ഹറമുകളിലും ആഗകള്‍ നിര്‍വഹിച്ചിരുന്നു. രാജാവിനെ സ്വീകരിക്കല്‍, വിദേശ രാഷ്ട്ര നേതാക്കള്‍ അടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കല്‍-അവര്‍ക്ക് സംസം വിതരണം ചെയ്യല്‍, ത്വവാഫിനിടെ സ്ത്രീപുരുഷന്മാരെ വേര്‍തിരിക്കല്‍-ബാങ്ക് കൊടുത്ത ശേഷം സ്ത്രീകളെ ത്വവാഫില്‍ നിന്ന് വിലക്കല്‍ എന്നീ കര്‍ത്തവ്യങ്ങളാണ് ആഗകള്‍ നിലവില്‍ വിശുദ്ധ ഹറമില്‍ നിര്‍വഹിക്കുന്നത്.

പ്രവാചകന്റെ തിരുശരീരം മറവു ചെയ്ത മുറിയുടെ ശുചീകരണ ചുമതലയും രാഷ്ട്രത്തിന്റെ അതിഥികളെ ബാബുസ്സലാം ഗെയ്റ്റില്‍ സ്വീകരിച്ച് അനുഗമിക്കലും മസ്ജിദുബവിയിലെ മിമ്പര്‍ (പ്രസംഗപീഠം) ഖതീബുമാര്‍ക്ക് തുറുകൊടുക്കലും മറ്റും മസ്ജിദുബവിയിലും ആഗകള്‍ നിര്‍വഹിക്കുന്നു. നിലവില്‍ പ്രായാധിക്യം മൂലം പല ആഗകളും ഹറുമുകളില്‍ സേവനമനുഷ്ഠിക്കുന്നില്ല. നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമാണ് ഇവര്‍ ഹറമുകളിലെത്തുന്നത്. രാജകല്‍പനയുടെ അടിസ്ഥാനത്തില്‍ ദശകങ്ങളായി പുതിയ ആഗകളെ റിക്രൂട്ട് ചെയ്യാറില്ല.

ആഗ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി  നല്ല ആരോഗ്യവാന്മാരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. തങ്ങള്‍ക്കു മേല്‍ ആഗ നിയമം ബാധകമാക്കാന്‍ ഇവര്‍ തയാറാവുകയും വേണം.

 

 

 

Latest News