സൗദിവൽക്കരണം: വൻകിട കമ്പനികളുടെ പുറംകരാറുകൾക്കും പിടി വീഴുന്നു 

റിയാദ് ചേംബർ ആസ്ഥാനത്ത് ചേർന്ന മാനവ ശേഷി, തൊഴിൽ വിപണി കമ്മിറ്റി യോഗം

റിയാദ് - പുറംതൊഴിൽ കരാറുകൾ (ഔട്ട്‌സോഴ്‌സിംഗ്) വഴി വിദേശികൾക്ക് ജോലി നൽകുന്ന പ്രവണത വൻകിട സൗദി കമ്പനികൾ അവസാനിപ്പിക്കണമെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ മാനവശേഷി, തൊഴിൽ വിപണി കമ്മിറ്റി ആവശ്യപ്പെട്ടു. വിദേശങ്ങളിലെ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും കോൾ സെന്ററുകളും വഴി പുറംതൊഴിൽ കരാറുകൾ നൽകുന്നത് സൗദി ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്. ഇത് രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കാൻ ഇടയാക്കും. മികച്ച നിരവധി തൊഴിലവസരങ്ങൾ സൗദികൾക്ക് നിഷേധിക്കപ്പെടുന്നതിനും ഇവ വിദേശികൾക്ക് ലഭ്യമാക്കുന്നതിനും പുറംതൊഴിൽ കരാറുകൾ ഇടയാക്കുകയാണ്. 
വൻകിട കമ്പനികളുടെ വിദേശങ്ങളിലുള്ള ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ സൗദിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നതിന് റിയാദ് ചേംബറിലെ മാനവശേഷി, തൊഴിൽ വിപണി കമ്മിറ്റി പ്രത്യേക കർമസമിതി രൂപീകരിച്ചു. തന്ത്രപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിദേശങ്ങളിലുള്ള തൊഴിലാളികളെ അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കമ്പനികളെ കർമ സമിതി ബോധവൽക്കരിക്കും. പ്രാദേശിക തൊഴിൽ വിപണി ശക്തമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ മറ്റൊരു കർമ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പുറംതൊഴിൽ കരാർ പ്രവണതക്ക് തടയിടുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുടെയും തൊഴിൽ മന്ത്രാലയ പ്രതിനിധികളുടെയും പ്രഥമ സംയുക്ത യോഗത്തിന്റെ തീരുമാനങ്ങളുടെ പുരോഗതി മാനവ ശേഷി, തൊഴിൽ വിപണി കമ്മിറ്റി യോഗം വിശകലനം ചെയ്തു. സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തീരുമാനിച്ച 12 മേഖലകളിലെ തൊഴിലുകളിൽ സൗദികൾക്ക് നൽകുന്ന പരിശീലനത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തി. ശൂറാ കൗൺസിലിന്റെ പരിഗണനയിലുള്ള നിർദിഷ്ട തൊഴിൽ നിയമ ഭേദഗതികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. 
തൊഴിൽ വിപണിയിൽ ഡിമാന്റ് ഇല്ലാത്ത കോഴ്‌സുകൾ പൂർത്തിയാക്കിയ സൗദി യുവാക്കളെ തൊഴിൽ വിപണിക്ക് ആവശ്യമായ തൊഴിലുകളിൽ പരിശീലനം നൽകി പ്രാപ്തരാക്കുന്നതിനുള്ള കോഴ്‌സുകൾ ആരംഭിക്കാനും കർമസമിതി രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും പുതുതായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർക്കും സൗജന്യ പരിശീലന പദ്ധതികൾ നടപ്പാക്കും. ഉന്നത ബിരുദധാരികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലുകൾ ലഭ്യമാക്കുന്നതിന് കാമ്പയിൻ നടത്താനും റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ മാനവ ശേഷി, തൊഴിൽ വിപണി കമ്മിറ്റി തീരുമാനിച്ചു.  

Latest News