ടീസ്റ്റക്ക് ശേഷം മേധ പട്കർ?

നർമദ നദിയിലെ അണക്കെട്ടുകൾ മൂലം കുടിയൊഴിക്കപ്പെടുന്ന ആദിവാസികളും കർഷകരും മറ്റു ഗ്രാമീണരുമടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ പുനരധിവാസം ഉറപ്പാക്കാൻ വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന, മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതു താൽപര്യ  ട്രസ്റ്റാണ്  നർമദ  നവനിർമാൺ അഭിയാൻ (എൻഎൻഎൻഎ). 

എതിർ ശബ്ദങ്ങളെ ഏതു രീതിയിലും അടിച്ചമർത്തുക എന്ന ഫാസിസ്റ്റ് നടപടി ഭരണകൂടം തുടരുക തന്നെയാണ്. ഒന്നുകിൽ ഭീകര പ്രവർത്തനങ്ങൾ ആരോപിച്ച്, അല്ലെങ്കിൽ സാമ്പത്തിക തിരിമറി ആരോപിച്ചാണത് നടപ്പാക്കുന്നത്. ഭീകര പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടും യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ ചാർത്തപ്പെട്ടും നിരവധി എഴുത്തുകാരും സാംസ്‌കാരിക - മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരും രാജ്യമെമ്പാടുമുള്ള നിരവധി ജയിലുകളിൽ തുടരുകയാണ്. 
മറുവശത്ത് രാഹുൽ ഗാന്ധിയും ടീസ്റ്റയും പോലുള്ളവർക്കെതിരെ ചുമത്തുന്നത് സാമ്പത്തിക തിരിമറി ആരോപണമാണ്. ഇപ്പോൾ ടീസ്റ്റക്കെതിരെ രൂക്ഷമായ വകുപ്പുകളിട്ട് തടവിലാക്കിയിരിക്കുന്നു.  ആ നിരയിൽ ഒരാളെ കൂടി ഉൾപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. അത് മറ്റാരുമല്ല, ദശകങ്ങളായി  നിരവധി ജനകീയ സമരങ്ങളിലിടപെട്ട് ഭരണകൂടത്തിനു തലവേദനയായി മാറിയ മേധ പട്കർ തന്നെ.
മേധ പട്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 2005 ൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.  കള്ളപ്പണം വെളുപ്പിച്ചെന്നും സംശയാസ്പദമായ ഇടങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചെന്നുമാണ് കേസ്. 
ഇഡിക്ക് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും ആദായ നികുതി വകുപ്പും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദി പയനിയറിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2005 ൽ ഒരു ദിവസം 20 വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി മേധ പട്കറിന്റെ നേതൃത്വത്തിലുള്ള നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ അക്കൗണ്ടിൽ  1,19,25,880 രൂപ  ലഭിച്ചെന്നാണ് റിപ്പോർട്ട്. എല്ലാ അക്കൗണ്ടുകളിൽ നിന്നും 5,96,294 രൂപ വീതമാണ് എൻജിഒക്ക് ലഭിച്ചത്. 
എല്ലാ അക്കൗണ്ടുകളും ഒരേ തുക സംഭാവന ചെയ്തതാണ് സംശയത്തിനടിസ്ഥാനമത്രേ. എന്നാൽ ഈ ആരോപണത്തെ പൂർണമായും നിഷേധിക്കുകയാണ് മേധ പട്കറും എൻജിഒയും. ഒരു ദിവസം 20 പേരിൽ നിന്ന് ഒരേ തുക ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. മേധ പട്കർക്കും നർമദാ നവനിർമാൺ അഭിയാന്റെ (എൻഎൻഎൻഎ)  മറ്റു 11  ട്രസ്റ്റിമാർക്കുമെതിരായാണ് എഫ്‌ഐആറുകൾ തയാറാക്കിയിട്ടുള്ളത്. 
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ സെക്ഷൻ 420 അനുസരിച്ച് മധ്യപ്രദേശിലെ ബഡ്വാനി  പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ എടുത്ത കേസിനു വ്യാപകമായ പ്രചാരണമാണ് ഭരണകൂടം നൽകുന്നത്. 
നർമദ നദിയിലെ അണക്കെട്ടുകൾ മൂലം കുടിയൊഴിക്കപ്പെടുന്ന ആദിവാസികളും കർഷകരും മറ്റു ഗ്രാമീണരുമടങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ പുനരധിവാസം ഉറപ്പാക്കാൻ വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന, മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതു താൽപര്യ  ട്രസ്റ്റാണ്  നർമദ  നവനിർമാൺ അഭിയാൻ (എൻഎൻഎൻഎ).  മഹാരഷ്ട്രയിലെയും മധ്യപ്രദേശിലേയും കുടിയൊഴിക്കപ്പെടുന്ന  കുടുംബങ്ങൾക്ക് പ്രത്യേകിച്ചും കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടനയെ തകർക്കാനുള്ള സ്ഥാപിത താൽപര്യക്കാരുടെ ശ്രമമാണിതെന്നു കരുതപ്പെടുന്നു.
അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) മധ്യപ്രദേശിലെ ഖാർഗോൺ പ്രദേശത്തെ പ്രവർത്തകനായ പ്രീതം രാജ് ബഡോലെ കൊടുത്ത കേസിലാണ് നടപടി. ഫണ്ടിന്റെ ദുരുപയോഗം, വഞ്ചന, സാമ്പത്തിക ക്രമക്കേടുകൾ എന്നിവക്കു പുറമെ  ദേശവിരുദ്ധ പ്രവർത്തനങ്ങളും പരാതിയിൽ ആരോപിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.  മാസങ്ങൾക്കു മുമ്പ്  യു.പിയിലെ ഗാസിയാബാദുകാരനായ സഞ്ജീവ് ഝാ എന്നൊരാളും പരാതി നൽകിയിരുന്നു. അതേസമയം ഇതുവരെയും ഇഡിയിൽ നിന്ന്  ഒരു നോട്ടീസും സംഘടനക്ക് ലഭിച്ചിട്ടില്ലത്രേ.   17 വർഷങ്ങൾക്കു മുമ്പ് നടന്ന ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ്  പരാതി എന്ന മാധ്യമ റിപ്പോർട്ടുകൾ കണ്ടതിനാൽ 2022 ഏപ്രിൽ ആറിന് തന്നെ അത് സംബന്ധിച്ചുള്ള വിശദീകരണം സംഘടന മാധ്യമങ്ങൾക്കു നൽകിയതുമാണ്. നാളിതുവരെയുള്ള എല്ലാ കണക്കുകളും കൃത്യമായി തയാറാക്കിയിട്ടുണ്ടെന്നും ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ ട്രസ്റ്റ് തയാറാണെന്നും അറിയിച്ചിട്ടുമുണ്ട്. 
ഭരണകൂടങ്ങളിൽ നിന്നുള്ള ഒട്ടനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ്  37 വർഷമായി, നിലവിലുള്ള നിയമങ്ങൾക്കും ഭരണഘടനക്കും  വിധേയമായി   കർഷകരെയും ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും മറ്റു  സമൂഹങ്ങളെയും സംഘടിപ്പിച്ച്  അഹിംസാത്മകമായ സമരങ്ങളിലൂടെ   അവരുടെ അവകാശങ്ങൾ നേടിയെടുക്കുകയും സർക്കാരും മറ്റു ഏജൻസികളും പരാജയപ്പെടുന്ന ഉൾനാടൻ മേഖലകളിൽ നിർമാണാത്മക പ്രവർത്തനങ്ങളിലൂടെ  ആദിവാസികളടക്കമുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള ഇടപെടലുകൾ  നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എൻജിഒ ആണ് നർമദ നവനിർമാൺ അഭിയാൻ. മാത്രമല്ല, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന ജനകീയ സമരങ്ങളെയെല്ലാം  മേധ പട്കർ  പിന്തുണക്കുന്നു. അതെല്ലാമാണ് ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നത്. അധികാരികളുടെ മുഖത്ത് നോക്കി സത്യം പറയുന്നവരും  ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുന്നവരും സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അനീതികളെ ചോദ്യം ചെയ്യുന്നവരുമായ മനുഷ്യാവകാശ സംരക്ഷകരും സിവിൽ സമൂഹത്തിലെ പ്രമുഖരും വിദ്യാർത്ഥികളും വിവരാവകാശ പ്രവർത്തകരുമായ സാമൂഹ്യ പ്രവർത്തകർക്കെതിരെ തുടരുന്ന  പീഡന ശ്രമങ്ങളാണ്  ഇത്തരത്തിലുള്ള  വ്യാജ കേസുകൾ.  ഈ സാഹചര്യത്തിൽ നിശ്ശബ്ദത തുടരുകയാണെങ്കിൽ വരുംദിനങ്ങളിൽ ആർക്കെതിരേയും ഇത്തരം നടപടികൾ ആവർത്തിക്കാമെന്നാണ് നാമെല്ലാം തിരിച്ചറിയേണ്ടത്. 

Latest News