Sorry, you need to enable JavaScript to visit this website.

കോവിഡ് എവിടേയും അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ- കോവിഡ് എവിടെയും അവസാനിച്ചിട്ടില്ലെന്നാണ് പുതിയ തരംഗങ്ങള്‍ കാണിക്കുന്നതെന്ന്  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ഡോ ടെഡ്രോസ് അദനോം ഗെബ്രിയേസസ്  മുന്നറിയിപ്പ് നല്‍കി.

കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. മരണസംഖ്യയും ഉയരുന്നു. ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരിലും പുതിയ കേസുകള്‍ വലിയ സമ്മര്‍ദ്ദമാണ്  ചെലുത്തുന്നതെന്നും കോവിഡിനെ കുറിച്ച് നടത്തിയ മാധ്യമ സമ്മേളനത്തില്‍ ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.
നിലവിലെ കോവിഡ് കേസുകളും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും അടിസ്ഥാനമാക്കി രോഗപ്രതിരോധ പദ്ധതികള്‍ പതിവായി അവലോകനം ചെയ്യാനും ക്രമീകരിക്കാനും അദ്ദേഹം സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 സംബന്ധിച്ച എമര്‍ജന്‍സി കമ്മിറ്റി കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. വൈറസ് അന്താരാഷ്ട്ര ആശങ്കയായി തുടരുന്നുവെന്ന നിഗമനത്തിലാണെത്തിയത്.  
പരസ്പരബന്ധിതമായ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.  
ബി.എ 4, ബി.എ 5എന്നിവ പോലെയുള്ള ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ ലോകമെമ്പാടും കേസുകള്‍ വര്‍ധിപ്പിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും മരണത്തിന്റെയും വര്‍ധന തുടരുന്നു- ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.
പരിശോധനയും സീക്വന്‍സിംഗും ഉള്‍പ്പെടെ നിരീക്ഷണം ഗണ്യമായി കുറഞ്ഞതായാണ് കമ്മിറ്റി വിലിയിരുത്തിയത്.  സംക്രമണം, രോഗ സവിശേഷതകള്‍, പ്രതിരോധ നടപടികളുടെ ഫലപ്രാപ്തി എന്നിവയില്‍ വകഭേദങ്ങള്‍  വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും ഡോ.ടെഡ്രോസ് നിര്‍ദേശിച്ചു. കോവിഡ് 19 പ്രതിരോധ ആസൂത്രണം  അഞ്ചാംപനി, ന്യുമോണിയ, വയറിളക്കം തുടങ്ങിയ കൊലയാളി രോഗങ്ങള്‍ക്കുള്ള വാക്‌സിനേഷനുമായി കൈകോര്‍ക്കണം.
വാക്‌സിനേഷന്റെ പ്രാധാന്യത്തിന് അദ്ദേഹം അടിവരയിട്ടു. വാക്സിനുകളാണ് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചത്. ഏറ്റവും അപകടസാധ്യതയുള്ള കമ്മ്യൂണിറ്റികളെ ഉയര്‍ത്തുന്നതില്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.വാക്്‌സിനേഷന്‍ ചെയ്യാത്തവരെ കണ്ടെത്തി 70 ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് ഉയര്‍ത്തിയാല്‍ പ്രതിരോധശേഷി വര്‍ധിക്കും- ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
നിരീക്ഷണം, ടെസ്റ്റിംഗ്, സീക്വന്‍സിങ് എന്നിവയിലെ കുറവ് മാറ്റാനും ആന്റി വൈറലുകള്‍ ഫലപ്രദമായി പങ്കിടാനും അദ്ദേഹം സര്‍ക്കാരുകളെ നിര്‍ദേശിച്ചു.
ആരോഗ്യ സംവിധാനങ്ങളുടേയും ഉപകരണങ്ങളേടുയും തുല്യമായ വിതരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍
സഞ്ജീവ് ഭട്ടിനെ അഹമ്മദാബാദിലെത്തിച്ച് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്-  ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച നാനാവതി കമ്മീഷന്‍ മുമ്പാകെ  കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചുവെന്ന കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കൂടി അറസ്റ്റ് ചെയ്തു.
പലന്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് ട്രാന്‍സ്ഫര്‍ വാറണ്ടില്‍ കൊണ്ടുവന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അഹമ്മദാബാദ് പോലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്.  പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി.ബി. ഭട്ട്, മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പാലന്‍പൂരില്‍നിന്ന് അഹമ്മദാബാദിലേക്ക് ട്രാന്‍സ്ഫര്‍ വാറണ്ടില്‍ കൊണ്ടുവന്നാണ് സഞ്ജീവ് ഭട്ടിനെ അഹമ്മദാബാദ് പോലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) സംഘം ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച നാനാവതി കമ്മീഷന്‍ മുമ്പാകെ വ്യാജവും കൃത്രിമവുമായ രേഖകള്‍ സമര്‍പ്പിച്ചുവെന്നാരോപിച്ച്  രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

1996 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടുമായി (എന്‍ഡിപിഎസ്) ബന്ധപ്പെട്ട് പാലന്‍പൂര്‍ സെഷന്‍സ് കോടതിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അദ്ദേഹം.

അഭിഭാഷകന്റെ വീട്ടില്‍ മയക്കുമരുന്ന് നിക്ഷേപിക്കുകയും അനധികൃതമായി അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.
 നാനാവതി കമ്മിഷനു മുന്നില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതിനും ഫണ്ട് വിവരങ്ങള്‍ തെറ്റായി നല്‍കിയതിനും ജൂണ്‍ 25നാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി.ബി. ഭട്ട്, മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ക്കെതിരെ  കേസെടുത്തത്.

 

 

Latest News