ദുബായ് - മധ്യപൗരസ്ത്യ ദേശത്തെ അസ്ഥിരതക്കും അരാജകത്വത്തിനും പ്രധാന കാരണം ഇറാന്റെ നയങ്ങളും ഇടപെടലുകളുമാണെന്ന് കിംഗ് ഫൈസൽ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് സെന്റർ പ്രസിഡന്റും മുൻ സൗദി ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ദുബായിൽ സംഘടിപ്പിച്ച അറബ് തോട്ട് ഫൗണ്ടേഷൻ പതിറാമത് സമ്മേളനത്തോടനുബന്ധിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരൂഹമായ നിലപാടുകൾ വഴി യൂറോപ്പും ചൈനയും റഷ്യയും മേഖലയിൽ ശത്രുതാപരായ രാഷ്ട്രീയ നയങ്ങൾ തുടരാൻ ഇറാനെ പ്രോത്സാഹിപ്പിക്കുകയാണ്. മേഖലയിൽ രാഷ്ട്രീയ അധിനിവേശത്തിനാണ് ഇറാൻ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുകയും വിഭാഗീയ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരതക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ആണവായുധം സ്വന്തമാക്കുന്നതിന് അവർ കിണഞ്ഞ് ശ്രമിക്കുന്നു. ഇറാൻ ഭീഷണി ചെറുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്ക് നിർവഹിക്കുന്നില്ല. ഇറാന്റെ വിപുലീകരണ പദ്ധതിയെ കുറിച്ച് നിലവിലെ അമേരിക്കൻ ഭരണകൂടത്തിന് കൂടുതൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. മേഖലയിൽ ധാർഷ്ട്യം തുടരുന്നതിന് മുൻ അമേരിക്കൻ ഭരണകൂടം ഇറാനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അന്താരാഷ്ട്ര സമാധാനത്തിന്റെ ആവശ്യകതകളെ കുറിച്ച് ലോക ശക്തികൾക്ക് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളുമില്ലാത്തതാണ് ലോകത്ത് ഇന്നുള്ള സംഘർഷങ്ങൾക്കും പരസ്പര വിശ്വാസമില്ലായ്മക്കും പ്രധാന കാരണം. ആഗോള സംവിധാനത്തിലെ പ്രധാന രാജ്യങ്ങളുടെ വികൃതമായ അന്താരാഷ്ട്ര നയങ്ങൾ ലോകത്തും അറബ് മേഖലയിലും പല സംഘർഷങ്ങൾക്കും കാരണമായി മാറി. മേഖലാ രാജ്യങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും അതിന്റെ അടിസ്ഥാനത്തിൽ തന്ത്രങ്ങളും നയങ്ങളും മെനയുന്നതിലും വൻ ശക്തികൾക്ക് സംഭവിച്ച അബദ്ധങ്ങൾ മേഖലയിൽ ദുരന്തങ്ങളുണ്ടാക്കി. ഇറാഖിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ അമേരിക്കക്ക് പിഴവ് സംഭവിച്ചു. ഇറാഖിൽ ജനാധിപത്യ സംവിധാനം വേണമെന്ന നിഗമനത്തിലാണ് അമേരിക്ക എത്തിച്ചേർന്നത്. അസ്ഥിരതയും അരാജകത്വവുമായിരുന്നു ഇതിന്റെ ഫലം.
മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തന്ത്രങ്ങൾക്ക് രൂപംനൽകുന്നതിൽ അറബികളും പരാജയപ്പെട്ടു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര, മേഖലാ സുരക്ഷയും ഭദ്രതയും സംരക്ഷിക്കുന്നതിൽ കഴിഞ്ഞ ദശകങ്ങളിൽ അറബ് രാജ്യങ്ങൾ പരാജയപ്പെടുകയും ആഭ്യന്തര കാര്യങ്ങളിൽ എല്ലാ തരത്തിലും ഇടപെടുന്നതിന് ലോക ശക്തികൾക്കു മുന്നിൽ വാതായനങ്ങൾ തുറന്നിടുകയും ചെയ്തു. ആഗോള തലത്തിൽ ശാക്തിക സന്തുലനത്തിൽ മാറ്റങ്ങളുണ്ടായി. ഇതോടൊപ്പം മേഖലയിലും ശാക്തിക ബലാബലത്തിൽ മാറ്റങ്ങളുണ്ടായി. വ്യക്തമായ തന്ത്രമില്ലാത്തത് ആഭ്യന്തര, വൈദേശിക തലങ്ങളിൽ അറബ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തുറന്നുകാട്ടി.
അറബ്-ഇസ്രായിൽ സംഘർഷം പരിഹരിക്കപ്പെടേണ്ടത് മേഖലയുടെ സുരക്ഷാ ഭദ്രതക്ക് അനിവാര്യമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾക്കും അനുസൃതമായി ഫലസ്തീനികളുടെ അവകാശങ്ങൾ നിറവേറ്റുന്ന പരിഹാരത്തിലെത്തിച്ചേരാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ശക്തികൾക്കാണ്. സിറിയൻ, ലിബിയൻ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിൽ ആഗോള സമൂഹം പരാജയപ്പെട്ടു. മേഖലയിലെ അസ്ഥിരതക്ക് ഭീകരതയും പ്രധാന കാരണമാണ്. ഐ.എസും അൽഖാഇദയും മാത്രമല്ല, ഇറാഖിലും സിറിയയിലും യെമനിലും ലെബനോനിലും മറ്റു രാജ്യങ്ങളിലുമുള്ള തീവ്രവാദ, വിഭാഗീയ മിലീഷ്യകളുടെ ഭീകരതയും മേഖലയെ അസ്ഥിരപ്പെടുത്തുകയാണ്. ഭീകരതയെ പരാജയപ്പെടുത്തുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. ഭീകരതക്കുള്ള കാരണങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ സാഹചര്യമുണ്ടാക്കുകയും വേണം. ഇക്കാര്യത്തിൽ ലോക ശക്തികൾക്ക് സുപ്രധാന പങ്കുണ്ട്. ഭീകരതയെ വ്യക്തമായും കൃത്യമായും നിർവചിക്കുന്ന കരാറുണ്ടാകണമെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.






