ജിദ്ദ- തൂവലിൽനിന്ന് മടങ്ങുന്നതിനിടെ കാറപകടത്തിൽ മരിച്ച ഇന്ത്യൻ കുടുംബം ലഖ്‌നൗ സ്വദേശികൾ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിലെ മൂന്നു വിദ്യാർഥികളടക്കം അഞ്ചു പേരാണ് മരിച്ചത്. വിദ്യാർഥികൾ മൂന്നു പേരും സഹോദരങ്ങളാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ് സിദ്ദീഖി, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് നിയാസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. ഇനായത്തും തൗഫീഖും കുട്ടികളുടെ പിതൃ സഹോദരനും മാതൃസഹോദരനുമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഖുലൈസിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. നിയാസ് ആശുപത്രിയിൽ വെച്ചും മറ്റുള്ളവർ സംഭവ സ്ഥലത്തുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിയാസിനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മാതാപിതാക്കൾ മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത വാഹനങ്ങളിലായി കുടുംബാംഗങ്ങൾ ജിദ്ദയിൽനിന്നും തൂവലിൽ പോയി മടങ്ങുമ്പോഴാണ് ഒരു വാഹനം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ ഇവിടെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരഗോമിക്കുന്നു.






