Sorry, you need to enable JavaScript to visit this website.

ഹുറൂബും മത്‌ലൂബും: നാട്ടിൽ പോകാൻ കഴിയാതെ പ്രവാസികൾ;  നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു

ദമാം- രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാവുകയും തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമുള്ള ലെവി വർധനവിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ ലാഭത്തിലോടിയിരുന്ന പല സ്ഥാപനങ്ങളും പദവി ശരിയാക്കാൻ കഴിയാതെ അടച്ചു പൂട്ടുന്നു. സ്‌പോൺസർമാരുമായും മറ്റു ചിലർ സ്വദേശികളുമായും നിയമ വിധേയമല്ലാതെ ബിസിനസ് പങ്കാളികളായി സ്ഥാപനങ്ങൾ തുടങ്ങുകയും ലാഭത്തിലായെന്നു കണ്ടാൽ അത് പിടിച്ചടക്കി നിശ്ശബ്ദ പങ്കാളിയായ തന്റെ ജോലിക്കാരനെ  ഹുറൂബ് അതല്ലെങ്കിൽ മത്‌ലൂബ് ആക്കി വ്യാജ കേസുകളിൽ ഉൾപ്പെടുത്തി യാതനകളിലേക്ക് തള്ളിവിടുന്ന നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ദമാമിലെ ഒരു പ്രമുഖ നിർമാണ കമ്പനി നടത്തിപ്പുകാരായ മലപ്പുറം സ്വദേശികളായ നാല് സഹോദരന്മാരാണ് സ്‌പോൺസറുടെ വ്യാജ കേസിൽ ഉൾപ്പെട്ടു നാട്ടിൽ പോകാനാകാതെ കുടുങ്ങി കഴിയുന്നത്. രണ്ടു പേർക്ക് ഹുറൂബും രണ്ടു പേർക്ക് തന്റെ സ്ഥാപനത്തിൽ നിന്നും പണം കവർന്നു എന്ന് പറഞ്ഞ് മത്‌ലൂബ് കേസും നൽകി യാത്ര മുടക്കിയിരിക്കുന്നത്. ഇതിനു സമാനമായ മറ്റു പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റുകൾ സ്‌പോൺസർമാർ പിടിച്ചെടുത്തു. 
പിടിച്ചെടുത്താലും പിന്നീട് ഈ രാജ്യത്തു പ്രവേശിക്കാതിരിക്കാൻ കഴിയാത്ത വിധം മത്‌ലൂബും ഹുറൂബും ആക്കി പാപ്പരാക്കി വിടുന്നതിലാണ് ഇരുപത്തിയഞ്ചു വർഷമായി ഒരു കുടുംബമായി കഴിഞ്ഞിരുന്ന തന്നോട് സ്‌പോൺസർ ചെയ്തതെന്ന് കൊല്ലം സ്വദേശി ആരിഫ് പറയുന്നു. അൽകോബാർ കേന്ദ്രമായി മുപ്പതോളം തൊഴിലാളികളുമായി ജോലി ചെയ്യുന്ന പീറ്ററിന് പറയാനുള്ളത് മറ്റൊരു കഥയാണ്. 
ഒരു ചെറിയ ഇലക്‌ട്രോണിക്‌സ് ഷോപ്പിൽ നിന്നും പത്തോളം ബ്രാഞ്ചുകളാക്കി ബിസിനസ് രംഗത്ത് കുതിച്ചു ചാട്ടം നടത്തിയ സ്ഥാപനം സ്‌പോൺസറുടെ മക്കൾ പിടിച്ചെടുത്തതോടെ ഇദ്ദേഹവും വഴിയാധാരമായി. ഇതിനു സമാനമായി നൂറുകണക്കിന് അനുഭവങ്ങളാണ് പലരിൽ നിന്നായി അറിയാൻ സാധിച്ചത്. ഈയടുത്ത്, ദമാമിൽ ലക്ഷക്കണക്കിന് റിയാലിന്റെ വിറ്റു വരവുള്ള സ്ഥാപനം ഒരു മംഗലാപുരം സ്വദേശിയിൽ നിന്നും പിടിച്ചെടുത്ത് രണ്ടു മാസം കൊണ്ട് തന്നെ അത് പൂട്ടിയിടേണ്ട അവസ്ഥയും വന്നു ചേർന്നു. 
അദ്ദേഹത്തെയും കുടുംബത്തെയും ഹുറൂബ് ആക്കി കേസ് ദമാം ലേബർ കോടതിയിൽ നടന്നു വരുന്നു. എറണാകുളം സ്വദേശി ചെറിയാനും സംഭവിച്ചത് താൻ നടത്തിക്കൊണ്ടിരുന്ന പത്തോളം സ്ഥാപനങ്ങളാണ് ഒരു രാത്രി കൊണ്ട് പിടിച്ചെടുത്തു അദ്ദേഹത്തെ മത്‌ലൂബ് ആക്കുകയും സ്‌പോൺസർ തന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തത്. 
നിയമ വിധേയമല്ലാതെയുള്ള ബിസിനസ് ആയതിനാൽ ഇത്തരം കേസുകളിൽ പലരും പുറത്തു പറയാൻ മടിക്കുകയും കേസിനു പോയാൽ പോലും നിയമ സഹായം ലഭിക്കില്ലെന്നതിനാൽ എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി എന്ന് വിചാരിക്കുന്നവരുമാണ്. പിടിച്ചെടുക്കുന്ന സ്ഥാപനങ്ങൾ പലതും മാസങ്ങൾക്കകം തന്നെ പൂട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു പടുത്തുയർത്തിയ സ്ഥാപനങ്ങളാണ് ദിവസങ്ങൾക്കകം തകർക്കുന്നതെന്നും പിടിച്ചെടുക്കലിന് ഇരയായ കോഴിക്കോട് സ്വദേശി ഹോട്ടൽ ഉടമ പറയുന്നത്. 
പക്ഷാഘാതത്തെ തുടർന്ന് അസുഖ ബാധിതനായ സ്‌പോൺസറെയും മറ്റു മാരകരോഗം പിടിപെട്ട കുടുംബത്തിലെ രണ്ടു പേരെയും താൻ തന്നെ മുൻകൈ എടുത്തു തന്റെ ചെലവിൽ തന്നെ ഇന്ത്യയിൽ കൊണ്ടുപോയി ചികിത്സിച്ചു ഭേദമാക്കി തിരിച്ചെത്തി ഒരു വർഷത്തിനകം തന്നെ സ്ഥാപനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് കൊല്ലം സ്വദേശി നിസാമുദ്ദീൻ പറയുന്നു. 
ഇതെല്ലം ചെയ്തതിനു ശേഷം നാടണയാൻ കഴിയാതെ കേസും പ്രശ്‌നങ്ങളുമായി വീണ്ടും കുരുങ്ങുന്ന സാഹചര്യം മാനസികമായി ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു. 


 

Latest News