കാലവർഷം കേരളത്തിന് പ്രകൃതി അനുഗ്രഹമായി നൽകിയ പ്രതിഭാസമാണ്. ജനുവരി മുതൽ മെയ് വരെയുള്ള കൊടുംചൂടിൽ തപിച്ച് ജലാംശം വറ്റുന്ന ഭൂമിയെ വർഷപാതം കൊണ്ട് ജലസമൃദ്ധമാക്കുകയാണ് പ്രകൃതി. മനുഷ്യന് മാത്രമല്ല, ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും നിലനിൽപിന് ആവശ്യമായ വെള്ളമാണ് രണ്ടോ മൂന്നോ മാസം കൊണ്ട് മൺസൂണിലൂടെ ഭൂമിക്ക് ലഭിക്കുന്നത്. എന്നാൽ കാലവർഷം മനുഷ്യർക്ക് ഭീഷണിയും ദുരിതവുമായി മാറിയതെങ്ങനെയാണ്?
ജൂൺ മാസത്തിൽ മഴ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ പുഴകൾ നിറയുന്നു. റോഡിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു. അത് ദിവസങ്ങൾക്കകം പ്രളയമായി മാറുന്നു. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തുടരുന്നു. വീടുകൾ തകരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളക്കെട്ട് ഒഴിയാൻ ആഴ്ചകളെടുക്കുന്നു. മഴക്കൊപ്പം ശക്തമായ കാറ്റ് കൂടിയാകുമ്പോൾ കടൽ ക്ഷോഭിക്കുകയും തീരദേശങ്ങളിലുള്ളവരുടെ ജീവിതം അപകടത്തിലാകുകയും ചെയ്യുന്നു.
ഇത്തരം ദുരന്തങ്ങൾക്കെല്ലാം ഉത്തരവാദി പ്രകൃതിയാണെന്ന് പറയുന്നതിൽ അർഥമില്ല. മഴ കനക്കുന്നതോടെ അതിനെ കുറ്റം പറയുന്നതിലും കാര്യമില്ല. കാലവർഷം നൂറ്റാണ്ടുകളായി കുറഞ്ഞും കൂടിയും ഈ ഭൂമിയിലുണ്ട്. മൺസൂൺ കാലത്ത് അമിതമായി ഉണ്ടാകുന്ന മഴവെള്ളത്തെ കൈകാര്യം ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നുവെന്നത് മാത്രമാണ് ഈ ദുരിതങ്ങൾക്ക് കാരണം. മലബാർ മേഖലയിലെ ഭൂപ്രകൃതിയനുസരിച്ച് മലയോര മേഖലകളിൽ പെയ്യുന്ന മഴ അതിവേഗമാണ് അറബിക്കടലിൽ എത്തുന്നത്. ഭൂരിഭാഗം ജില്ലകളിലും കിഴക്കൻ പ്രദേശത്തുള്ളത് കൂറ്റൻ മലനിരകളാണ്. കാലവർഷം ഈ മലനിരകളിൽ പതിച്ച് പുഴകളിലൂടെ നിറഞ്ഞൊഴുകി കടലിൽ ചേരുന്നതാണ് പതിവ് കാഴ്ച. ഈ പുഴകൾ അതിവേഗം നിറയുകയും തീരങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്യുന്നതായിരുന്നു വർഷങ്ങൾക്ക് മുമ്പു വരെ സംഭവിച്ചിരുന്നത്. ഇപ്പോഴാകട്ടെ പുഴയോരങ്ങളിലെ പ്രദേശങ്ങളേക്കാൾ വേഗത്തിൽ മുങ്ങുന്നത് മറ്റു പ്രദേശങ്ങളാണ്. വെള്ളമൊഴുക്കിന്റെ സ്രോതസ്സുകൾ ഇല്ലാതായതാണ് ഇതിന് കാരണം. പാടങ്ങളും കുളങ്ങളുമായിരുന്നു പണ്ടുകാലം മുതൽ മനുഷ്യർ വലിയ ജലസംഭരണികളായി കാത്തു സൂക്ഷിച്ചു പോന്നിരുന്നത്. കടുത്ത വേനലിൽ വറ്റിവരണ്ടു കിടക്കുന്ന കുളങ്ങളിലും പാടങ്ങളിലും കുറച്ചൊന്നുമല്ല മഴവെള്ളം സംഭരിക്കപ്പെട്ടിരുന്നത്. അടുത്ത വേനൽക്കാലം വരെയുള്ള കരുതൽ ജലശേഖരമായി ഇത് പ്രവർത്തിച്ചിരുന്നു. എന്നാൽ കുളങ്ങളിൽ ഭൂരിഭാഗവും ഇല്ലാതായി. വയലുകളുടെ വിസ്തൃതിയും നാൾക്കുനാൾ കുറയുന്നു. കൃഷി ചെയ്യാതെ തരിശായിക്കിടക്കുന്ന വയലുകളിൽ പുല്ലും ചെടികളും നിറഞ്ഞ് വെള്ളം ശേഖരിക്കാനുള്ള ഇടം കുറയുന്നു. ജലസംഭരണത്തിന്റെ പരമ്പരാഗത വേദികൾ നഷ്ടപ്പെട്ട മഴവെള്ളം എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്. അത് വീട്ടുമുറ്റങ്ങളിൽ നിറഞ്ഞ് വീടുകളെ വരെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് വളരുന്നു.
മഴക്കാലം വരുന്നതിന് മുമ്പ് നടത്താറുള്ള മുന്നൊരുക്കങ്ങളൊന്നും പല പ്രദേശങ്ങളിലും കാലങ്ങളായി നടക്കുന്നില്ല.
വെള്ളമൊഴുക്കിനുള്ള ചാലുകൾ വീതിയും ആഴവും കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നേരത്തെ സംവിധാനങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് സാധ്യവുമല്ലാതായിരിക്കുന്നു. പല പ്രദേശങ്ങളിലും ചാലുകുളും തോടുകളും അപ്രത്യക്ഷമായി. കെട്ടിടങ്ങൾ നിർമിക്കുന്നതിനോ മറ്റു റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്ക് വേണ്ടിയോ അനിയന്ത്രിതമായി ഇത്തരം ജലസ്രോതസ്സുകൾ മണ്ണിട്ട് മൂടി. തിരിച്ചെടുക്കാനാവാത്ത വിധം അവ ഭൂമിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പുഴകളിൽ ചെളിനിറഞ്ഞ് ആഴം കുറഞ്ഞതോടെ അവക്ക് ഉൾക്കൊള്ളാവുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പാതയോരങ്ങളിലെ അഴുക്കുചാലുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുകയോ പുനർനിർമിക്കുകയോ ചെയ്യാത്തതിനാൽ വെള്ളം റോഡുകളിൽ കെട്ടിനിൽക്കുകയാണ്. വലിയ വെള്ളക്കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് യാത്രക്കാർ മരിക്കുന്നത് കാലവർഷങ്ങളിലെ സ്ഥിരം വാർത്തയാണ്.
മലയോരങ്ങളിലും തീരദേശങ്ങളിലും മഴവെള്ളത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിനുള്ള സംരക്ഷണ ഭിത്തിയായിരുന്ന മരങ്ങൾ അപ്രത്യക്ഷമായി. അവയെല്ലാം വെട്ടിമാറ്റി, കുന്നുകൾ അശാസ്ത്രീയമായി ഇടിച്ച് തകർച്ച എളുപ്പത്തിലാക്കുന്നു.കടലോരങ്ങളിൽ,തിരകളുടെ ആക്രമണം തടയുന്നതിനുള്ള പുലിമുട്ടുകളുടെ നിർമാണവും യഥാസമയം നടക്കുന്നില്ല.
പ്രകൃതിയുടെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുന്നതിൽ ഭരണകൂടവും ജനങ്ങളും ഒരുപോലെ മൽസരിക്കുകയാണ്. മണ്ണ് വിൽപനച്ചരക്കായതോടെ, പ്രകൃതിയുടെ രീതികളെ ഗൗനിക്കാതെയുള്ള ഇടപെടലുകളാണ് ജനങ്ങൾ നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂമി, വീടു വെക്കുന്നതിനായാലും വിൽപപ്പന നടത്തുന്നതിനായാലും അശാസ്ത്രീയമായി മണ്ണിട്ട് നികത്തുകയാണ്. വീട് നിർമിക്കാൻ മറ്റു വഴികളില്ലാത്തവർക്ക് സർക്കാർ അതിനുള്ള അനുമതി നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും അനുവദിക്കപ്പെട്ട സ്ഥലം മാത്രമല്ല മണ്ണിട്ട് നികത്തുന്നത്. മാത്രമല്ല, നീരൊഴുക്കിനുള്ള സാധ്യതകളെ പാടെ കൊട്ടിയടച്ചാണ് ഇത്തരം പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത്. ഇക്കാര്യത്തിൽ ഭരണകൂടവും അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നത്. വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന പദ്ധതികളിൽ പ്രകൃതി സംരക്ഷണം അജണ്ടയല്ലാതായി മാറുന്നു. വലിയ റോഡുകൾ നിർമിക്കപ്പെടുന്നത് വയലുകളിലൂടെയും ജലസംഭരണ സ്ഥലങ്ങളിലൂടെയുമാണ്. ഇവിടങ്ങളിലും സ്വാഭാവിക വെള്ളമൊഴുക്കിനുള്ള സംവിധാനങ്ങളുടെ നിർമാണം അപൂർണമാണ്. കാലവർഷത്തിൽ എത്തുന്ന വെള്ളത്തിന്റെ അളവോ ഒഴുക്കിന്റെ ഗതികളോ പരിഗണിക്കാതെയാണ് ഇത്തരം നിർമിതികൾ.
മലബാറിലെ പ്രധാന ജലസംഭരണിയും ജലഗതാഗത മാർഗവുമായിരുന്ന കനോലി കനാൽ അപ്രത്യക്ഷമായത് സർക്കാരിന്റെയും ജനങ്ങളുടെയും കാലങ്ങളായിരുന്ന നിസ്സംഗത മൂലമാണ്. സ്വാഭാവിക ജലസ്രോതസ്സുകളിൽ മിക്കതും ഇത്തരത്തിൽ തിരിച്ചെടുക്കാനാവാത്ത വിധം ഇല്ലാതായിരിക്കുന്നു. ഇനിയും അവശേഷിക്കുന്ന ഭൂമിയിൽ മഴവെള്ളത്തിന് കടലിലേക്ക് ഒഴുകിപ്പോകാനുള്ള അവസരമൊരുക്കുകയാണ് ആവശ്യം. ഇതിനായി അടിസ്ഥാനപരമായി ചെയ്യാവുന്നത് ചെറിയ തോടുകൾ പോലും പൂർണമായും വെള്ളമൊഴുക്കിന് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തലാണ്. വീടു നിർമിക്കാൻ സർക്കാർ അനുവദിച്ച സ്ഥലങ്ങൾ മാത്രമാണ് മണ്ണിട്ട് നികത്തുന്നതെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.
വികസനത്തെക്കുറിച്ച് സുന്ദര സ്വപ്നങ്ങൾ നെയ്യുമ്പോൾ അതുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ചും നാം ബോധവാൻമാരാകേണ്ടതുണ്ട്. ലഭ്യമായ സൗകര്യങ്ങളെ പരിചരിച്ച് നിലനിർത്തുകയും പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്താൽ പുതിയ വികസന പദ്ധതികളുടെ ആവശ്യകത കുറക്കാനാകും. പുത്തൻ പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ മനുഷ്യന്റെ സൗകര്യത്തിന് മാത്രമായിരിക്കരുത് മുൻഗണന. ചട്ടങ്ങളോ നിയമങ്ങളോ ഇല്ലാതെ മുന്നോട്ടു പോകുന്ന പ്രകൃതിയെ ഭരണകൂടത്തിന്റെ നിയമം കാട്ടി പേടിപ്പിക്കാനാകില്ല. അതിന്റെ സ്വാഭാവിക വഴികളെ തടസ്സപ്പെടുത്താതിരിക്കുക മാത്രമാണ് പോംവഴി. പുതിയ എൻജിനീയറിംഗ് തന്ത്രവുമായി എത്തുന്നവർ ഈ യാഥാർഥ്യം മനസ്സിലാക്കേണ്ടിവരും. അല്ലെങ്കിൽ വെള്ളം അതിന് സൗകര്യപ്രദമായ വഴികളിലൂടെ ഒഴുകിത്തീരും. അതിനിടയിലുണ്ടാകുന്ന ദുരന്തങ്ങൾക്ക് മനുഷ്യർ മാത്രമാകും ഉത്തരവാദികൾ.






