അസർബൈജാൻ കോക് നസ് പർവ്വതനിരകൾക്കും കാസ്പിയൻ കടലിനുമിടയിൽ നീണ്ട് കിടക്കുന്ന മനോഹരമായ പ്രകൃതിയും, പർവ്വതങ്ങളാൽ ചുറ്റപ്പെട്ട വിദൂര പ്രകൃതി ദൃശ്യങ്ങളുമുള്ള ഒരു കുഞ്ഞു രാജ്യം. അവിടത്തെ വസന്തവും, ശരത്കാലവും പ്രകൃതിയുടെ മായിക ദൃശ്യങ്ങൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു.
കുടുംബവുമൊത്ത് ഒരു സാധാരണക്കാരന്റെ ബജറ്റിൽ സന്ദർശിക്കാൻ പറ്റിയ ഒരു രാജ്യമാണ് അസർബൈജാൻ. കിഴക്കൻ യൂറോപ്പിന്റെയും പശ്ചിമേഷ്യയുടെയും അതിർത്തി പങ്കിടുന്നത് കൊണ്ട് തന്നെ യൂറോ ഏഷ്യൻ സംസ്കാരങ്ങളാണിവിടെയുള്ളത്.
സാഹസികതയും പര്യവേക്ഷണവും, പ്രകൃതി ഭംഗിയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് നല്ലൊരു അവധിക്കാലമായിരിക്കും അസർബൈജാൻ നൽകുന്നത്. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം രാജ്യത്തിന്റെ മഹത്തായ സംസ്കാരം പര്യവേക്ഷണം ചെയ്യുന്നതിനും കൂടിയാണ് സഞ്ചാരികൾ ഇവിടങ്ങളിൽ എത്തുന്നത്. അസർബൈജാനിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ബാകുവിലാണ്. കാസ്പിയൻ കടലിനോട് ചേർന്നുള്ള ഒരു ബീച്ച് നഗരം കൂടിയാണ് ബാകു.
പഴയതും പുതിയതുമായ അതുല്യ വാസ്തുവിദ്യകളാൽ മനോഹരമായ നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ബാക്കുവിന്റെ നിശാ കാഴ്ച്ചകളും അതി മനോഹരമാണ് പ്രശസ്തമായ ഫ്ലേം ടവറുകളിൽ നിന്നുള്ള വെളിച്ചം രാത്രിയിൽ നഗരത്തെ അതീവ മനോഹരമാക്കും. കൂടാതെ മിക്ക കെട്ടിടങ്ങളും എൽഇഡി സ്ക്രീനുകളാൽ അലംകൃതമാക്കി ദൃശ്യവിരുന്നൊരുക്കുന്നവയുമാണ്. അസർബൈജാൻ പരമ്പരാഗത ഭക്ഷണത്തിന് പുറമെ വിവിധ രാജ്യങ്ങളുടെ കൊതിയൂറും ഭക്ഷണവിഭവങ്ങളും രാത്രികാല ബാക്കു ബീച്ചിൽ സുലഭമാണ്. രാജ്യത്തെ വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന ആയിരത്തിലധികം കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന സമകാലിക മ്യൂസിയങ്ങൾ രാജ്യത്തിന്റെ പുരാതനവും ആധുനികവുമായ സംസ്കാരങ്ങളെ വിനോദ സഞ്ചാരികൾക്ക് മുൻപിൽ തുറന്ന് കാട്ടുന്നു. അസർബൈജാൻ നാഷണൽ മ്യൂസിയം, ആർട്ട് മ്യൂസിയം, കാർപ്പറ്റ് മ്യൂസിയം, അസർബൈജാനി ലിറ്ററേച്ചർ മ്യൂസിയം, മ്യൂസിക്കൽ കൾച്ചർ മ്യൂസിയം, തിയേറ്റർ മ്യൂസിയം, ഇന്റിപെന്റൻസ് ഓഫ് അസർബൈജാൻ മ്യൂസിയം, മോഡേൺ ആർട്ട് മ്യൂസിയം തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ അവിടത്തെ കാർഷിക സംസ്കാരങ്ങളെ തുറന്ന് കാട്ടുന്ന അഗ്രികൾച്ചറൽ മ്യൂസിയവും പ്രകൃതിയിലെ അത്ഭുതങ്ങളെ കുറിക്കുന്ന നാച്വറൽ മ്യൂസിയങ്ങളും ഇതിൽപ്പെടും.
പുരാതന ചരിത്രം കാരണം യുനെസ്കൊയുടെ ലോക പൈതൃക ലിസ്റ്റിൽ ഉൾപ്പെടുത്തിയ നിരവധി ചരിത്ര സ്മാരകങ്ങൾ അസർബൈജാനിലുണ്ട്. പഴയ ബാകു സിറ്റി, ഷിർ വാൻ ഷായുടെ കൊട്ടാരം, മെയ്ഡൻ ടവർ, ഗോപുസ്ഥാൻ റോക്സ് ആർട്ട് കൾച്ചറൽ ലാൻഡ്സ്കേപ്പ്, ഷെക്കി ഖാൻസ് പാലസ് എന്നിവയാണിത്.
അസർബൈജാനിലെ മറ്റൊരു അത്ഭുതമാണ് യാനാർഡാഗ്. യാനാർഡാഗ് എന്നാൽ കത്തുന്ന പർവ്വതം എന്നാണ്. ബാക്കുവിനടുത്തുള്ള കാസ്പിയൻ കടലിലെ അബ്ഷെറോൺ പ്രദേശത്തെ കുന്നിൻപുറങ്ങളിലെ കനം കുറഞ്ഞ കല്ലിൻ പാളികൾക്കിടയിൽ നിന്നാണ് ഏകദേശം പത്ത് അടിയോളം ഉയരത്തിൽ അഗ്നി പുറന്തള്ളുന്നത്. ഭൂമിയുടെ ഉപരിതലത്തിന് താഴെ നിന്ന് പുറപ്പെടുന്ന ഹൈഡ്രോ കാർബൺ വാതകങ്ങളുടെ ഫലമായാണ് ഈ പ്രദേശത്തെ തീജ്വാലകൾക്ക് കാരണം. യാനാർനാഗിന് സമീപമുള്ള അരുവികളുടെ ഉപരിതലം പോലും തീപ്പെട്ടി ഉപയോഗിച്ച് ജ്വലിപ്പിക്കാനാവുമെന്നാണ് പറയപ്പെടുന്നത്.
അസർബൈജാനിലെ മറ്റൊരു ആകർഷണമാണ് യെഡിഗോസൽ വാട്ടർ ഫാൾ. പ്രകൃതിയൊരുക്കിയ ഏഴ് മനോഹര വെള്ളച്ചാട്ടങ്ങൾ.
മനസ്സിനും ശരീരവും ഒരു പോലെ കുളിര് നൽകുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന്. മലമുകളിൽ നിന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഏഴ് വെള്ളച്ചാട്ടങ്ങളായത് കൊണ്ട് സെവൻ ബ്യൂട്ടീസ് വാട്ടർ ഫാൾസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് സമാന്തരമായി മുകളിലേക്കു വഴിയുണ്ടെങ്കിലും കേറി പോകുന്നത് ആയാസകരമാണ്. എന്നാൽ അവിടെയെത്തിപ്പെട്ടാൽ തീർച്ചയായും പ്രകൃതിയുടെ മനോഹാരിത തൊട്ടറിയാനാവും.
ബാകുവിൽ നിന്ന് ഗബാലയിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. വിവിധ നഗരങ്ങളും, കാലാവസ്ഥ മാറ്റങ്ങളും ഉൾപ്പടെ വൈവിധ്യങ്ങളാൽ സമ്പന്നമായ അസർബൈജാൻ പ്രകൃതിയുടെ സവിശേഷതകൾ നമുക്ക് അനുഭവിച്ചറിയാനാകും. ഓരോ പ്രദേശങ്ങളിലൂടെ കടന്ന് പോകുമ്പോൾ അവിടത്തെ ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ച് അസർബൈജാനിയൻ സംസ്കാരത്തെയും ചരിത്രത്തെയും കൂടുതൽ തൊട്ടറിയാനാവുന്നു. അത്തരത്തിൽ ഉള്ള ഒരു ചരിത്ര സ്മാരകമാണ് ഷമാക്കിയിലെ ജുമാ മസ്ജിദ്. ഭൂകമ്പത്തെ അതിജീവിക്കാനുതകുന്ന പുരാതന സങ്കേതികവിദ്യയും വാസ്തുവിദ്യയുമനുസരിച്ച് അസർബൈജാനിൽ നിർമ്മിച്ച ആദ്യ മുസ്്ലിം പള്ളി ഇവിടത്തെ ഇസ്്ലാമിന്റെ ചരിത്രം സഞ്ചാരികൾക്ക് മുൻപിൽ തുറന്ന് കാട്ടുന്നു. പുരാതന ഇസ്്ലാമിക വാസ്തുവിദ്യാ സ്മാരകങ്ങളുടെ ചരിത്രം, അറബികളുടെ ഭരണവും രാജ്യത്തെ ഇസ്്ലാമിന്റെ വ്യാപനം തുടങ്ങിയ കാര്യങ്ങളും നിറം മങ്ങാത്ത ചരിത്ര ഓർമ്മകളായി ഇവിടെ നിലനിൽക്കുന്നു.
ഗബാലയുടെ മറ്റൊരു ആകർഷണം നോഹൂർ തടാകമാണ്. പർവ്വതങ്ങൾക്കിടയിലൂടെ നീണ്ട് കിടക്കുന്ന ഈ തടാകത്തിന്റെ തീരത്തുള്ള നടത്തം ലോകം എത്രത്തോളം മനോഹരമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന ചിന്തയിലേക്കെത്തിക്കും.അസർബൈജാനിലെ പുരാതന ഗ്രാമങ്ങളിലൊന്നാണ് കിഷ്, ഇവിടെയാണ് പുരാതന ചർച്ച് നിലകൊള്ളുന്നത്. കൊക്കേഷ്യൻ അൽബേനിയയുടെ കാലത്തുള്ളതാണ് പ്രശസ്തമായ ഈ ആരാധനാലയം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച് ഇന്നും അതേപടി നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ആത്മീയ കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഇന്ന് കിഷ് ചർച്ച് അറിയപ്പെടുന്നത്.
ഗബാലയുടെ മനോഹരമായ മറ്റൊരു ആകർഷണമാണ് കേബിൾ കാർ. ഏകദേശം രണ്ട് കിലോമീറ്റർ ദൂരം രണ്ട് മലകൾക്കിടയിലൂടെയുള്ള യാത്ര വർണിക്കാനാവാത്ത മനോഹരമായ കാഴ്ചകളാണ് നൽകുന്നത്. ശീതകാലത്ത് മഞ്ഞിൽ പുതഞ്ഞ വെളുത്ത മലനിരകൾക്ക് മുകളിലൂടെയുള്ള കേബിൾ കാർ യാത്ര അവിസ്മരണീയമാവും.
അസർബൈജാനിൽ സന്ദർശിക്കേണ്ട ശ്രദ്ധേയമായ മറ്റൊരു സ്ഥലമാണ് ലാഹിജ്. പാരമ്പര്യമായുള്ള കരകൗശല വസ്തുക്കൾ കിട്ടുന്ന ഒരു മാർക്കറ്റ് ലാഹിജിലുണ്ട്. ഏറ്റവും പുരാതനമായ മനുഷ്യവാസകേന്ദ്രങ്ങളിലൊന്നായ ലാഹിജ്, ഇസ്മയിലി മേഖലയിലെ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിലുള്ള ഗ്രേറ്റർ കോക്കസസിന്റെ ചേർന്നുള്ള ഒരു ചെറിയ ഗ്രാമമാണ്.
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ ഭൂരിഭാഗവും അസർബൈജാനിലാണ്. അത്തരത്തിലുള്ള പ്രകൃതിയുടെ ഒരു അത്ഭുതമാണ് മഡ് വൊൾ ഗാനോസ്. നമുക്ക് സങ്കൽപ്പിക്കാവുന്നതിനപ്പുറമാണ് ഇവിടത്തെ കാഴ്ച്ചകൾ. ഭൂമിക്കുള്ളിൽ നിന്ന് കട്ടിയുള്ള തണുത്ത ചെളി പൾപ്പ് രൂപത്തിൽ കുമിളകളായി പുറത്ത് വരുന്നു. ഭൂമിയുടെ ആഴത്തിൽനിന്ന് മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് വാതകങ്ങൾ പുറന്തള്ളുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. അപകടകരമല്ലാത്തതിനാൽ ചെളി അഗ്നിപർവ്വതങ്ങൾക്കടുത്തേക്ക് ചെല്ലുന്നത് സുരക്ഷിതവുമാണ്.
കാഴ്ചയിലും മനസ്സിനും കുളിർമ നൽകുന്ന ഭൂപ്രകൃതി കാഴ്ചകൾ ഒരുക്കിയ അസർബൈജാനിലെ ബൊട്ടാണിക്കൽ ഗാർഡനും ശ്രദ്ധേയമാണ്. തിരക്കില്ലാത്ത നിരത്തുകളുടെ ഇരുവശങ്ങളും ഒലിവ്, കാറ്റാടി മരങ്ങൾ, സഫ്റാൻ, തുലിപ്പ്, വിവിധ നിറങ്ങളിലുള്ള പൂക്കൾ തുടങ്ങിയവ കൊണ്ട് നിറഞ്ഞിരിക്കുന്നു.
കൂടാതെ സ്വകാര്യ കൃഷിത്തോട്ടങ്ങളിൽ പ്ലംസ്, പീച്ച്, ബറീസ് തുടങ്ങിയ പഴവർഗ്ഗങ്ങൾ വിളവെടുപ്പിന് പാകപ്പെട്ട് നിൽക്കുന്ന കാഴ്ച്ചകളും അവർണ്ണനീയമാണ്. ഓരോ യാത്രകളും വ്യത്യസ്ത കാഴ്ച്ചകളും അനുഭവങ്ങളുമാണ്. മനസ്സിന് കുളിരേകുന്ന ഒരു പാട് നിമിഷങ്ങളാണ്. അതിരുകളില്ലാത്ത അറിവുകളിലേക്കുള്ള ചുവടുകളാണ്. യാത്രകളിലെ രസം തേടിയുള്ള സഞ്ചാരങ്ങൾക്ക് അതിർവരമ്പുകളില്ല.
അസർബൈജാൻ പോലുള്ള രാജ്യങ്ങളിലേക്ക് വിവിധ ഏജൻസികൾ സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന ടൂർ പാക്കേജുകൾ നൽകുന്നുണ്ട്.