Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാന്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ കൊല്ലും; ഗുണ്ടാസംഘം നേതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി- കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാതെ സല്‍മാന്‍ ഖാനോട് തന്റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്ന് ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി പറഞ്ഞതായി ദല്‍ഹി പോലീസ് ഓഫീസര്‍ എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു.
ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ ഭഗവാന്‍ ജംബേശ്വരന്റെ പുനര്‍ജന്മമായാണ് കണക്കാക്കുന്നതെന്നും കോടതി കുറ്റവിമുക്തനാക്കലോ ശിക്ഷയോ അവസാന വിധിയായിരിക്കില്ലെന്ന് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞതായും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനിടെയാണ് ബിഷ്ണോയി ഇക്കാര്യം പറഞ്ഞത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍  വധഭീഷണി ഉണ്ടെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ഹസ്തിമല്‍ സരസ്വം നേരത്തെ വെളിപ്പെടുത്തിയിരുന്നു.  ബിഷ്ണോയ് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ്  ഭീഷണി കത്ത് അയച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
സിദ്ദു മൂസെവാലയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന് കത്തില്‍ അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടന്‍ സല്‍മാന്‍ ഖാനും പിതാവും ജാംബാജി ക്ഷേത്രത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ബിഷ്‌ണോയികള്‍ അവരെ കൊല്ലുമെന്നുമാണ് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞത്.
2018 ജൂണില്‍ ബിഷ്ണോയി സംഘത്തിലെ പ്രധാന അംഗമായ സമ്പത്ത് നെഹ്റ ബെംഗളൂരുവില്‍ അറസ്റ്റിലായപ്പോള്‍, കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 2018ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാനെ ഇല്ലാതാക്കാനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച്  വെളിപ്പെടുത്തിയിരുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ കൃഷ്ണമൃഗങ്ങളെ പവിത്രമായി കരുതുന്ന ബിഷ്ണോയി സമുദായത്തില്‍ പെട്ടയാളാണ് ലോറന്‍സ്. ലോറന്‍സ് ബിഷ്ണോയിയുടെ പ്രധാന ഗ്രൂപ്പുമായി ബന്ധപ്പെട്ട മിക്ക ഗുണ്ടാസംഘങ്ങളും മതഭ്രാന്തന്മാരാണ്.

 

Latest News