കാട്ടാനയുടെ ആക്രമണത്തില്‍ വയോധികനു പരിക്ക്

കല്‍പറ്റ- കാട്ടാനയുടെ ആക്രമണത്തില്‍ വയോധികനു പരിക്ക്. പഴയവൈത്തി തൈലക്കുന്ന് കുഞ്ഞിരാമനാണ്(84) പരിക്കേറ്റത്. ആനയുടെ കുത്തേറ്റു മൂന്നു വാരിയെല്ലുകള്‍ തകര്‍ന്ന ഇദ്ദേഹത്തെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മൂത്രം ഒഴിക്കുന്നതിനു പുറത്തിറങ്ങിയ കുഞ്ഞിരാമന്‍  ആനയെ കണ്ട് തിരിച്ചോടിയെങ്കിലും വീടിനകത്തു കടക്കാനായില്ല. വാതിലിനോടു ചേര്‍ത്താണ് ആന കുഞ്ഞിരാമനെ കുത്തിയത്. കുത്തേറ്റ കുഞ്ഞിരാമന്‍ തെറിച്ചുവീണു. ആന ഭാഗികമായി വീടിനകത്തു കടന്നു. വീടിന്റെ സിമന്റുതറയില്‍ ആന കൊമ്പിനു കുത്തിയതിന്റെ അടയാളമുണ്ട്. നിലവിളികേട്ടു ഉണര്‍ന്ന  വീട്ടുകാര്‍ വീടിന്റെ വാതില്‍ അകത്തുനിന്നു തള്ളിപ്പിടിച്ചു ഒച്ചയിട്ടപ്പോഴാണ് ആന പിന്‍വാങ്ങിയത്. കൂട്ടംതെറ്റി ദിവസങ്ങളായി ജനവാസ കേന്ദ്രത്തില്‍ ചുറ്റിത്തിരിയുന്ന കുട്ടിക്കൊമ്പനാണ് കുഞ്ഞിരാമനെ ആക്രമിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് തൈലക്കുന്ന്. വൈത്തിരിയില്‍നിന്നു ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഇവിടെനിന്നു അഞ്ചു കിലോമീറ്റോളം ദൂരെയാണ് വനം. കുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി മുത്തങ്ങയിലെ പന്തിയിലാക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്‌
 

Latest News