Sorry, you need to enable JavaScript to visit this website.

റിയാദിലും മദീനയിലും തൊഴിൽ പരിശോധന; സ്വന്തം ബിസിനസ് നടത്തിയവർ പിടിയിൽ 

മദീനയിൽ മസ്ജിദുന്നബവിക്കു സമീപത്തെ സ്ഥാപനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

റിയാദ് - തലസ്ഥാന നഗരിയിലും മദീനയിലും ലേബർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. റിയാദിൽ മൊബൈൽ ഫോൺ കടകൾ, ലേഡീസ് ഷോപ്പുകൾ, റെന്റ് എ കാർ ഓഫീസുകൾ, ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഏതാനും സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. 
റിയാദിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഈയാഴ്ച നടത്തിയ പരിശോധനകളിൽ 155 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി അഹ്മദ് അൽമുതവ്വ പറഞ്ഞു. ആകെ 680 സ്ഥാപനങ്ങളിലാണ് ഈയാഴ്ച പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾക്ക് 42 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.
മദീനയിൽ ബിലാൽ സൂഖിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 13 നിയമ ലംഘനങ്ങൾ കണ്ടെത്തി. സ്‌പോൺസർക്കു കീഴിലല്ലാതെ സ്വന്തം നിലയിൽ ജോലിയും ബിസിനസും ചെയ്ത 15 നിയമ ലംഘകർ റെയ്ഡിൽ പിടിയിലായി. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് ഇവരെ പിന്നീട് ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിന് കൈമാറി. 
പോലീസുമായും വാണിജ്യ മന്ത്രാലയവുമായും സൗദിവൽക്കരണ കമ്മിറ്റിയുമായും നഗരസഭയുമായും സഹകരിച്ചാണ് ബിലാൽ സൂഖിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മസ്ജിദുന്നബവിക്കു സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം സ്ഥാപനങ്ങൾക്ക് ഉടൻ പിഴ ചുമത്തുന്നുണ്ടെന്നും മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ അബ്ദുല്ല അൽസ്വാഇദി പറഞ്ഞു. 

Latest News