മലയാളി ഡോക്ടറുടെ  ഗവേഷണത്തിന് അംഗീകാരം 

ന്യൂദല്‍ഹി- കാര്‍ഷിക മേഖലയില്‍ ഹോമിയോ മരുന്നുകളുടെ സാധ്യതകളെ കുറിച്ച് പഠനം നടത്തിയ മലയാളി ഡോക്ടര്‍ക്ക് അംഗീകാരം. ലോക ഹോമിയോപ്പതി ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് കണ്ണൂര്‍ വളപട്ടണം സ്വദേശി ടി.പി. മുജീബ് റഹ്മന്റെ മകള്‍ ഡോ. മുര്‍ഷിദയുടെ ഗവേഷണം അംഗീകരിക്കപ്പെട്ടത്. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസ്സോ നായിക് അംഗീകാരപത്രം സമ്മാനിച്ചു. 


ഹോമിയോപ്പതിയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിന് ഈ രംഗത്തെ പ്രൊഫഷണലുകള്‍ ഗവേഷണ രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച സയിന്റിഫിക് കണ്‍വെന്‍ഷനില്‍ 1500 പ്രതിനിധികള്‍ സംബന്ധിച്ചു. സമ്പന്ന രാഷ്ട്രത്തേക്കള്‍ പ്രധാനം ആരോഗ്യ രാഷ്ട്രമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് ഉപരാഷ്ട്രപതി ഉണര്‍ത്തി. 
മികച്ച രീതിയിലുള്ള ഗവേഷണങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെസ്സോ നായിക് പറഞ്ഞു. 
തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദമെടുത്ത ഡോ.മുര്‍ഷിദയുടെ പിതാവ് മുജീബ് റഹ്മാന്‍ പ്രദേശത്തെ നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട വളപട്ടണം പ്രതികരണ വേദിയുടെ ഗ്രൂപ്പ് അഡ്മിനാണ്. മാട്ടൂല്‍ സ്വദേശിനി ബി.എസ്. ശരീഫയാണ് മാതാവ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ മുഹ്‌സിന സഹോദരിയാണ്.  

Latest News