അമ്മ കാവലിരുന്നിട്ടും മകള്‍ കാമുകനൊപ്പം മുങ്ങി, പോലീസ് പൊക്കി

പത്തനംതിട്ട- മൂഴിയാറില്‍നിന്നു രാവിലെ കാണാതായ പത്താം ക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയത്തുനിന്നു പോലീസ് പിടികൂടി. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂഴിയാര്‍ സ്‌റ്റേഷനില്‍ ഇരുവരെയും എത്തിച്ചു. നാളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.  
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പുലര്‍ച്ചെ നാലിനാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പമാണ് (33) പെണ്‍കുട്ടി പോയത്. കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുകയാണ് ഇയാള്‍. മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ റെക്കോഡിംഗ് സംവിധാനം ഇട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തു. പെണ്‍കുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലര്‍ച്ചെ നാലിന് കണ്ണുവെട്ടിച്ച് പെണ്‍കുട്ടി കടന്നു കളഞ്ഞത്.
മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു. മുഴിയാര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് ഗോപകുമാറിന്റെ സമയോചിതമായ അന്വേഷണമാണ് ഇരുവരെയും കണ്ടെത്താന്‍ കാരണമായത്. സമാനമായ കേസില്‍ ഷിബിന്‍ നേരത്തേ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പോലീസ് കേസെടുത്തു.

 

Latest News