ആര്‍.എസ്.എസ് വേദിയില്‍ പോയിട്ടില്ലെന്ന് സതീശന്‍

തിരുവനന്തപുരം- ആര്‍.എസ്.എസിന്റെ വേദിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്വാമി വിവേകാനന്ദന്റെ 150-ാമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ആര്‍.എസ്.എസ് വേദി ആയിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അചുതാനന്ദന്‍ 2013 മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത അതേ പുസ്തകമാണ് തൃശൂരില്‍ താന്‍ പ്രകാശനം ചെയ്തതെന്നും സതീശന്‍ പറഞ്ഞു.
മാതൃഭൂമി എംഡിയായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്.  മഞ്ഞപത്രത്തെപോലും അറപ്പിക്കുന്ന ഭാഷയിലാണ് ദേശാഭിമാനി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പറഞ്ഞ വാക്കുകള്‍ വന്ദ്യവയോധികനായ വി.എസിന് കൂടി ബാധകമാകുമെന്ന് അവര്‍ അറിയാതെ പോയി.
വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിലും ഉള്ളതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍  അനൗചിത്യമുണ്ടെന്നും ഏത് സാഹചര്യത്തിലാണ് വെളിപ്പെടുത്തലെന്ന് അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.  ഇത്രനാള്‍ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന ചോദ്യവുമുണ്ട്. കേസിനെ ദുര്‍ബലപ്പെടുത്താനാണോയെന്ന സംശയവുമുണ്ട്. ഏതായാലും സത്യം പുറത്ത് വരണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News