സോണിയാ ഗാന്ധിക്ക് ഇ.ഡി നോട്ടീസ്; 21 ന് ചോദ്യം ചെയ്യാന്‍ ഹാജരാകണം

ന്യൂദല്‍ഹി- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടീസ്. ഈ മാസം 21 ന് ഹാജരാകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ ്അസുഖം കണക്കിലെടുത്ത് ചോദ്യം ചെയ്യുന്നത് ഇ.ഡി നേരത്തെ നീട്ടിവെച്ചതായിരുന്നു.

കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് രാഹുലില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍  രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.  

 

Latest News