Sorry, you need to enable JavaScript to visit this website.

പത്ത് ലൈക്ക് തരൂ;  നിങ്ങളുടെ ജാതിയും മതവും പറയാം

പ്രവൃത്തികൾ ചിലപ്പോൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുമെന്നത് വസ്തുതയാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചില ചെയ്തികൾ അങ്ങനെയാണ്. 
ഒരു ലൈക്ക് മതി നിങ്ങളെ അറിയാനെന്നതാണ് ഫേസ്ബുക്ക് അകപ്പെട്ട വിവരങ്ങൾ ചോർത്തൽ വിവാദം വെളിപ്പെടുത്തുന്നത്. ഫേസ്ബുക്ക് ലൈക്കുകൾ വിശകലനം ചെയ്ത് നിങ്ങൾ ഏതു തരത്തിലുള്ളയാളാണെന്നു മാത്രമല്ല, നിങ്ങളുടെ ജാതിയും മതവും പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കും. 300 ലൈക്കുകൾ പരിശോധിച്ചാൽ നിങ്ങളുടെ ഇണ അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഡാറ്റാ വിദഗ്ധന് മനസ്സിലാക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. 
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വിവര വിശകലന സ്ഥാപനമായ കേംബ്രിഡ്ജ്  അനലിറ്റിക്ക ദുരുപയോഗം ചെയ്തുവെന്ന് കമ്പനിയുടെ മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. 
ഇതിനായി ഉപയോഗിച്ച അപ്ലിക്കേഷൻ അത് ഇൻസ്റ്റാൾ ചെയ്തവരുടെ പ്രൊഫൈലുകളിലെ വിവരങ്ങൾ മാത്രമല്ല, അവരുടെ മൊത്തം സുഹൃദ് ശൃംഖലയിലുള്ളവരുടേയും വിവരങ്ങൾ ചോർത്താൻ പര്യാപ്തമായിരുന്നു. 
ഒരാൾ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ അതു വഴി 200-300 രേഖകളാണ് അതിവേഗം ലഭിക്കുകയെന്നും വൈലി വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇങ്ങനെ വിവരങ്ങൾ ചോർത്തപ്പെട്ടത്. ഉപയോക്താക്കളുടെ വിവരങ്ങൾ ലഭിക്കുമെന്ന് അറിയാമായിരുന്നെങ്കിലും അത് ദുരുപയോഗിക്കുമെന്ന്  അറിയാമായിരുന്നില്ലെന്നാണ് ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയത്. 
അപ്ലിക്കേഷൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഫേസ്ബുക്ക് അതിന് അനുമതി നൽകിയതെന്ന് വൈലി വിശദീകരിക്കുന്നു.
ഉപയോക്താക്കൾ പ്രൈഫൈലിൽ നൽകിയ വിവരങ്ങൾ മാത്രമല്ല കേംബ്രിഡ്ജ് അനലിറ്റിക്ക സ്വന്തമാക്കിയത്. സംഗീതം, മൂവി, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങി ഓരോ ഉപയോക്താവും ഇഷ്ടപ്പെടുന്ന വിവരങ്ങളൊക്കെയും ഇതുവഴി ശേഖരിക്കപ്പെട്ടു. 
ഫേസ്ബുക്കിനു വിവരങ്ങൾ നൽകുകയാണെന്ന് മനസ്സിലാക്കിയല്ല, ഉപയോക്താക്കൾ ഓരോ ലൈക്കും ഷെയറും നൽകുന്നത്. എന്നാൽ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും നൽകുന്ന ഓരോ ഷെയറും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഓരോ കമ്പനികൾക്ക് കൂടിയാണ് നൽകുന്നത്. ഫേസ്ബുക്ക് ലൈക്കുകൾ വഴി കൃത്യമായി വ്യക്തികളുടെ സ്വഭാവം പ്രവചിക്കാൻ സാധിക്കുമെന്ന് പ്രമുഖ ഡാറ്റാ വിശകലന വിദഗ്ധനായ മിച്ചൽ കൊസിൻസ്‌കി കണ്ടെത്തിയിരുന്നു. വിവിധ കമ്പനികൾ ഈ മാർഗം ഉപയോഗിക്കുന്നുണ്ടെന്ന് 2013 ൽ ഇതുസംബന്ധിച്ച് നടന്ന പഠനം വ്യക്തമാക്കി. 
ഒരാൾ വെളുത്തവനാണോ കറുത്തവനാണോ എന്ന് 95 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ കൊസിൻസ്‌കി അൽഗോരിതത്തിനു സാധിക്കും. പുരുഷനാണോ സ്ത്രീയാണോ എന്ന് 93 ശതമാനം കൃത്യതയോടെ പറയാൻ കഴിയും. ഡെമോക്രാറ്റാണോ റിപ്പബ്ലിക്കനാണോ  എന്ന് 85 ശതമാനം കൃത്യതയോടെയും സ്വവർഗ പ്രേമിയാണോയെന്ന് 88 ശതമാനം കൃത്യതയോടെയും പ്രവചിക്കും. 
ഒരു സഹപ്രവർത്തകൻ നിങ്ങളെ അറിയുന്നതിനേക്കാൾ നന്നായി ഒരു കംപ്യൂട്ടർ മോഡലിന് നിങ്ങളെ അറിയാൻ പത്ത് ലൈക്കുകൾ മതി. 70 ലൈക്കുകൾ ഉണ്ടെങ്കിൽ ഒരു സുഹൃത്തും സഹതാമസക്കാരനും അറിയുന്നതിനേക്കാൾ വിവരങ്ങൾ കണ്ടെത്താമെന്ന് കൊസിൻസ്‌കി 2015 ൽ പറഞ്ഞു. കുടുംബാംഗത്തേക്കാളും കൂടുതൽ വിവരങ്ങൾ അറിയാൻ 150 ലൈക്ക് മതി. 300 ലൈക്കുകൾ ലഭിച്ചാൽ ബിഗ് ഡാറ്റക്ക് നിങ്ങളുടെ ഇണയേക്കാൾ നിങ്ങളെ നന്നായി അറിയാം. 
ഓൺലൈൻ ലോകത്ത് ജീവിതം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ വിവരങ്ങൾ ഇങ്ങനെ നൽകിക്കൊണ്ടേയിരിക്കണം. സ്മാർട്ട് ഫോൺ, കംപ്യൂട്ടർ, ഇ-മെയിൽ തുടങ്ങി ഇന്റർനെറ്റ് കണക്ട് ചെയ്ത് എന്ത് ഉപയോഗിച്ചാലും നിങ്ങളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കപ്പെടുകയാണ്. നിങ്ങളുടെ ഓരോ ചുവടും ആമസോണും ഗൂഗിളും ഫേസ്ബുക്കുമൊക്കെ രേഖപ്പെടുത്തുന്നുണ്ട്, ഡാറ്റകൾ ശേഖരിക്കുന്നുണ്ട്. 
ഫേസ്ബുക്കിൽനിന്ന് ഇനിയും ഡാറ്റകൾ ചോർത്തപ്പെടാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് ഫേസ്ബുക്ക് മേധാവി സക്കർ ബർഗ് ഏറ്റവും അവസാനമായും സമ്മതിച്ചിരിക്കുന്നത്. ഓൺലൈനിൽ നടക്കുന്ന ആയുധപ്പന്തയത്തിൽ ഒരു കൈ നോക്കുമെന്നും റഷ്യക്കാരെ തടയാൻ ശ്രമിക്കുമെന്നും മാത്രമാണ് അദ്ദേഹം പറയുന്നത്. 

Latest News