വാക്കുതര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍ വയറ്റില്‍ ചവിട്ടി, കരള്‍രോഗി മരിച്ചു

തിരുവനന്തപുരം- വാക്കുതര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടത്തിന് സമീപം നെട്ടയകോണത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നെട്ടയകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ കെ. ഭുവനചന്ദ്രന്‍ (62) ആണ് ചവിട്ടേറ്റ് മരിച്ചത്. ഏതാനും മാസങ്ങളായി സമീപപ്രദേശങ്ങളില്‍ ആക്രി പെറുക്കിവില്‍ക്കുന്ന കണ്ടാലറിയാവുന്ന ആളാണ് ഭുവനചന്ദ്രനെ ചവിട്ടിയത്. ഭുവനചന്ദ്രന്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് ആക്രി കച്ചവടക്കാരന്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് പോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമീപമുള്ള കരിക്കുകടയില്‍ സംസാരിച്ചു നില്‍ക്കവെയാണ് അതുവഴിവന്ന ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഇതിനിടയില്‍ ഭുവനചന്ദ്രന് വയറ്റില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ചവിട്ടേറ്റ് നിലത്ത് കുഴഞ്ഞ് വീണ ഭുവനചന്ദ്രനെ സമീപമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കരള്‍ രോഗത്തിന് ഓപ്പറേഷന്‍ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിക്കുന്നുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും കഴക്കൂട്ടം പോലീസ് പറഞ്ഞു. ജയശ്രീയാണ് ഭുവനചന്ദ്രന്റെ ഭാര്യ. ബാലു, ലാലു എന്നിവര്‍ മക്കളാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

 

 

Latest News