പത്തനംതിട്ട- പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അമ്മയുടെ കാമുകനും അറസ്റ്റില്‍. പെരുനാട് കൊല്ലം പറമ്പില്‍ ദേവസ്യയുടെ മകന്‍ ഷിബു ദേവസ്യയും (46) കുട്ടിയുടെ മാതാവും ആണ് അറസ്റ്റിലായത്. കോയിപ്രം ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അമ്മ കാമുകന്‍ താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. കുട്ടിയുടെ പരാതിയെതുടര്‍ന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ പൂച്ചാക്കല്‍ ഉണ്ടെന്ന് വ്യക്തമായി. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം അവിടെയെത്തി ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍, കുറ്റം സമ്മതിച്ച പ്രതികളെ രാത്രി പത്തു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാടകവീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.