മോഡി സര്‍ക്കാരിനെ താഴെയിറക്കും, എല്ലാ ജനദ്രോഹ നയങ്ങളും തിരുത്തും-മുഖ്യമന്ത്രി കെ.സി.ആര്‍

ഹൈദരാബാദ്- മോഡി സര്‍ക്കാരിനെ താഴെയിറക്കുമെന്നും എല്ലാ ജനദ്രോഹ നയങ്ങളും തിരുത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. കേന്ദ്ര സര്‍ക്കാര്‍ സ്വേച്ഛാധിപത്യമാണ് തുടരുന്നതെന്ന് പറഞ്ഞ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍  ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തെയും നയങ്ങളെയും ദുര്‍ഭരണത്തെയും നിശിതമായി വിമര്‍ശിച്ചു.

ജൂലൈ മൂന്ന്, നാല് തീയതികളില്‍ ഹൈദരാബാദില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പറഞ്ഞതില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷങ്ങളുടെ അഴിമതികളെക്കുറിച്ചും ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രധാനമന്ത്രിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം നിശബ്ദനായി. ഇന്ത്യയുടെ ചരിത്രത്തില്‍ രൂപ ഇത്രയധികം ഇടിഞ്ഞിട്ടില്ല. ഒരു പ്രധാനമന്ത്രിയുടെ കീഴിലും ഇത്രയും താഴോട്ട് പോയിട്ടില്ല. ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഏകാധിപത്യമാണ് തുടരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

മോഡി സര്‍ക്കാര്‍ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജലസേചനം, പ്രതിരോധം, ആ്േരാഗ്യം തുടങ്ങി എല്ലാ മേഖലകളും ബി.ജെ.പിയുടെ നിരുത്തരവാദിത്വവും അശ്രദ്ധയും കാരണം പ്രതിസന്ധിയിലാണ്. തെലങ്കാന ഒഴികെ രാജ്യം മുഴുവന്‍ വൈദ്യുതി പ്രതിസന്ധിയിലാണ്. കൂടാതെ, ജലപ്രശ്‌നങ്ങളും വര്‍ധിച്ചുവരികയാണ്. തലസ്ഥാനമായ ദല്‍ഹി തന്നെ രൂക്ഷമായ ജലക്ഷാമത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ 8.3 ശതമാനം വര്‍ധിച്ചതായും കെസിആര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ നശിപ്പിച്ചത് ബിജെപിയാണ്. വിലകള്‍ ഗണ്യമായി ഉയരുകയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആളോഹരി 1,49,848 ആണ്, തെലങ്കാനയുടേത് 2,78,833 ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം തെലങ്കാന 128.3% ജിഡിപിയില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, അതേസമയം ഇന്ത്യയുടെ മൊത്തത്തിലുള്ള ജിഡിപി ഇപ്പോഴും 89.6% ആണ്. കേന്ദ്രം കാരണം തെലങ്കാന്ക്ക് മാത്രം മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News