ഭൂരിഭാഗം പള്ളികളും റഷ്യക്കാരുടെ കൈകകളില്‍; വിജയത്തിനും അധിനവേശം അവസാനിക്കാനും പ്രാര്‍ഥനയോടെ ഉക്രൈന്‍ മുസ്ലിംകള്‍

കോസ്റ്റിയാന്റിനിവ്ക- റഷ്യയുടെ അധിനിവേശം എത്രയും വേഗം അവസാനിച്ചുകാണാനുള്ള പ്രാര്‍ഥനയോടെ ഉക്രൈനിലെ മു്സ്ലിംകള്‍ ഈദുല്‍ അദ്ഹ ആഘോഷിച്ചു. രാജ്യത്തിനുവേണ്ടി പോരാടന്‍ തല്‍ക്കാലം മതപരമായ ചുമതലകളില്‍നിന്ന് മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ഉക്രൈനിലെ മുസ്ലിം നേതാക്കളില്‍ ഒരാളായ 43 കാരനായ മുഫ്തി സെയ്ദ് ഇസ്മാഹിലോവാണ് ജനങ്ങള്‍ ആവേശം പകരുന്ന പ്രസംഗം നടത്തിയത്.


കഴിഞ്ഞ വര്‍ഷാവസാനം, ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വര്‍ധിച്ചപ്പോള്‍ തന്നെ  ഇസ്മാഹിലോവ് ഒരു പ്രാദേശിക പ്രദേശിക പ്രതിരോധ ബറ്റാലിയനുമായി ചേര്‍ന്ന് പരിശീലനം ആരംഭിച്ചിരുന്നു.  പതിമൂന്ന് വര്‍ഷം മുഫ്തിയായി സേവനമനുഷ്ഠിച്ചയാളാണ് ഇസ്മാഹിലോവ്.
കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്‌സ്‌കില്‍ ജനിച്ച് വളര്‍ന്ന ഇസ്മാഹിലോവ്, 2014-ല്‍ മോസ്‌കോയുടെ പിന്തുണയുള്ള വിഘടനവാദികള്‍ നഗരം പിടിച്ചടക്കിയപ്പോള്‍ റഷ്യയില്‍ നിന്ന് പലായനം ചെയ്തിരുന്നു.


എട്ട് വര്‍ഷത്തിന് ശേഷം, ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിന്റെയും ലോകത്തെ ഞെട്ടിച്ച ക്രൂരതകളുടെയും വാര്‍ത്തകള്‍ക്കു പിറകെയാണ് അദ്ദേഹം  തലസ്ഥാനമായ കീവിനു പുറത്തുള്ള ബുക്ക എന്ന ശാന്തമായ പ്രാന്തപ്രദേശത്തേക്ക് മാറിയത്.  റഷ്യന്‍ അധിനിവേശ ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പോരാട്ടത്തിനുള്ള തന്റെ തീരുമാനമെന്ന് അദ്ദേഹം പറയുന്നു.  ഒരിക്കലും ഓടിപ്പോകില്ലെന്നും  പോരാടുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍നിരയില്‍ നിന്നോ ഉപരോധിച്ച പട്ടണങ്ങളില്‍ നിന്നോ പരിക്കേറ്റവരെ ഒഴിപ്പിക്കുന്ന പാരാമെഡിക്കുകളുടെ സൈനിക ഡ്രൈവറായാണ് ഇസ്മാഹിലോവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

വളരെ അപകടകരമായ സാഹചര്യങ്ങളില്‍ വാഹനമോടിക്കുക, എന്നാല്‍ ഗുരുതരമായി പരിക്കേറ്റവരെ വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്യുക, ദൈവത്തിനു മുമ്പാകെയുള്ള എന്റെ ആത്മീയ കടമയുടെ തുടര്‍ച്ചയായാണ് പുതിയ ജോലിയെ കാണുന്നതെന്ന് ഇസ്മാഹിലോവ് പറയുന്നു.

പ്രവാചകന്‍ സ്വയം ഒരു യോദ്ധാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാതൃകയാണ് പിന്തുടരുന്നതെന്നും ഇസ്മാഹിലോവ് പറയുന്നു.
ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ കോസ്റ്റിയന്റിനിവ്കയിലെ പള്ളിയില്‍ ഇസ്മാഹിലോവിനോടൊപ്പം  ഡസന്‍ കണക്കിന് ഉക്രേനിയന്‍ മുസ്ലീങ്ങളാണ് ഒത്തുകൂടിയത്. ഡോണ്‍ബാസിലെ ഉക്രേനിയന്‍ നിയന്ത്രിത പ്രദേശത്ത് അവശേഷിക്കുന്ന അവസാനത്തെ മസ്ജിദാണിത്. മേഖലയില്‍ മൊത്തത്തില്‍ 30 ഓളം പള്ളികളുണ്ടെന്നും എന്നാല്‍ മിക്കതും ഇപ്പോള്‍ റഷ്യക്കാരുടെ കൈകളിലാണെന്നും ഇസ്മാഹിലോവ്  പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയായ ലുഹാന്‍സ്‌കിലെ ഉക്രേനിയന്‍ ചെറുത്തുനില്‍പ്പിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ ലിസിചാന്‍സ്‌ക് നഗരം കഴിഞ്ഞയാഴ്ച റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈന്യം ഇപ്പോള്‍ ഡൊനെറ്റ്‌സ്‌ക് മേഖലയുടെ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്ന് ലുഹാന്‍സ്‌ക് മേഖലയിലെ ഗവര്‍ണര്‍  പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ കൂടുതലുള്ള ഉക്രൈനിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമാണ് മുസ്ലീങ്ങള്‍. ക്രിമിയയില്‍ വലിയ മുസ്ലീം ജനസംഖ്യയുണ്ട്. അവിടെ മുസ്ലിം ജനസംഖ്യ 12 ശതമാനമാണ്.


2014-ലെ സംഘര്‍ഷം, ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നുമുള്ള നിരവധി മുസ്ലീങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ആക്രമണം പലരെയും ഒരിക്കല്‍ കൂടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.
ഈ വര്‍ഷത്തെ ഈദിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന് ഇസ്മാഹിലോവ് പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം നടത്തിയ പ്രഭാഷണത്തില്‍ ഇസ്്മാഹിലോവ് പറഞ്ഞു. അധിനിവേശ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഷെല്ലാക്രമണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശങ്ങളുടെ കഥ വിവരിച്ചു.

വല്ലാത്ത ഭയമുണ്ടെന്നും യുദ്ധം തുടരുകയാണെന്നും അധിനിവേശ പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും അവിടെ മുസ്ലീങ്ങള്‍ എന്ത് സാഹചര്യത്തിലാണെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News