ദുബായ് വിമാനം കൊച്ചിയില്‍ ഇറക്കി, യാത്രക്കാര്‍ക്ക് 11 മണിക്കൂര്‍ ദുര്‍ഗതി

നെടുമ്പാശ്ശേരി- കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ദുബായ് വിമാനം കൊച്ചിയില്‍ ഇറക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ 11 മണിക്കൂര്‍ കുടുങ്ങി. ഭക്ഷണംപോലും നല്‍കാതെ വിമാനക്കമ്പനി കബളിപ്പിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം.

വെള്ളിയാഴ്ച രാത്രി 9.30ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് കാലാവസ്ഥ മോശമായതിനാല്‍ 10.30ന് കൊച്ചിയിലിറക്കിയത്. ആദ്യം വിമാനത്തില്‍ തന്നെ ഇരിക്കാനും കുറച്ച് കഴിഞ്ഞ് പുറപ്പെടുമെന്നുമായിരുന്നു അറിയിപ്പ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 180 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിമാനത്താവളത്തിലെ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റി. എല്ലാവര്‍ക്കും ലഘുഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ല.

ഇതിനിടയില്‍ കുട്ടികളെല്ലാം കരച്ചില്‍ തുടങ്ങി. മുതിര്‍ന്നവരെല്ലാം അവശരായി. 4.10ന് ദുബായില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 3.30 ഓടെ കയറിയവരാണ് യാത്രക്കാരെല്ലാം. സ്‌പൈസ് ജെറ്റിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും വിമാനത്താവളത്തില്‍ ഇല്ലാതിരുന്നതിനാല്‍ ബഹളം നീണ്ടു. ഒടുവില്‍  പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനക്കമ്പനി ശീതളപാനിയവും ബിസ്‌ക്കറ്റും നല്‍കിയത്. രാവിലെ 8.30ഓടെയാണ് യാത്രക്കാരുമായി വിമാനം മംഗലാപുരത്തക്ക് പോയത്.

 

 

Latest News