ഇനിയും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഇന്ത്യൻ ഭരണഘടന വൈദേശികരുടെ വാക്കുകൾ മാത്രം എടുത്തണിഞ്ഞിരിക്കുന്ന ചൂഷണ സംവിധാനമാണെന്ന പരിഹാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ എല്ലാ അവകാശങ്ങളും ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനയെ വിമർശിക്കാനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ചില പരിധികൾ കൂടി ഉണ്ടെന്നു മാത്രം.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിക്കുകയും അതിരുവിട്ട പ്രയോഗങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ മന്ത്രി സജി ചെറിയാന് പിണറായി മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ ഭരണഘടന വിമർശനങ്ങൾക്കതീതമാണോ എന്ന ഏറ്റവും പ്രസക്തമായ ചോദ്യം വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. മറ്റേത് രാജ്യത്തിന്റെയും ഭരണഘടനയെപ്പോലെ തന്നെ ഇന്ത്യൻ ഭരണഘടനയും ധാരാളം പിഴവുകളും അപാകതകളും നിറഞ്ഞതു തന്നെയാണ്. അതുകൊണ്ട് തന്നെ ജനാധിപത്യ സമ്പ്രദായം നിലനിൽക്കുന്ന ഇന്ത്യയിൽ ഭരണഘടനയും സ്വാഭാവികമായും വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ ഒരു രാജ്യത്തിന്റെ നിലനിൽപിന്റെ അടിയാധാരം എന്ന നിലയിൽ വിമർശനങ്ങൾ ഏതറ്റം വരെയാകാമെന്നതാണ് പ്രശ്നം.
ഭരണം കൈയാളുന്നവർക്ക് മുതൽ രാജ്യത്തെ സാധാരണ പൗരൻമാർക്ക് വരെ ഭരണഘടനയെ ആരോഗ്യകരമായ രീതിയിൽ വിമർശിക്കാനുള്ള അവകാശമുണ്ട്. പല സന്ദർഭങ്ങളിലും ഭരണഘടനയിലെ പോരായ്മകളെയോ പിഴവുകളെയോ കുറിച്ച് പൊതുസമൂഹം തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഭരണഘടനയിലെ ന്യൂനതകളെക്കുറിച്ച് സംവാദങ്ങൾ ഉയർത്തുന്നതും അതിനെ തിരുത്താൻ പ്രേരിപ്പിക്കുന്നതുമായിരിക്കണം വിമർശനങ്ങൾ. എന്നാൽ വിമർശനം ഭരണഘടന നിന്ദയിലേക്ക് പോകുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മന്ത്രി സജി ചെറിയാൻ പറഞ്ഞ രീതിയിൽ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾ കുന്തവും കുടച്ചക്രവുമൊക്കെയായി വിവക്ഷിക്കപ്പെടുമ്പോഴാണ് അത് ഭരണഘടനയെ നിന്ദിക്കലാകുന്നത്. ഇത്തരത്തിൽ നിന്ദിക്കുന്ന രീതിയിലേക്ക് ഭരണഘടനയെ സമീപിക്കുമ്പോൾ രാജ്യത്തിന്റെ അടിസ്ഥാനപരമായ നിലനിൽപിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ഭരണഘടനാ ശിൽപികളുടെ വിഭാവനകൾക്കപ്പുറം കാലത്തിനനുസരിച്ച് സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും മനുഷ്യാവകാശപരമായും അല്ലാത്തതുമായ നിരവധി മാറ്റങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് രാജ്യത്തെ ഭരണഘടനയും ഭരണഘടന സംവിധാനങ്ങളും പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. അത്തരം പരിഷ്കാരങ്ങൾ കാലാനുസൃതമായി ഭരണഘടനയിൽ നടന്നിട്ടുമുണ്ട്.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ 395 അനുഛേദങ്ങളും 8 പട്ടികകളും 12 ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 448 അനുഛേദങ്ങളും 12 പട്ടികകളും 25 ഭാഗങ്ങളുമാണുള്ളത്. ഇതുവരെയായി 105 തവണയാണ് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. അതിനർത്ഥം കാലാകാലങ്ങളിൽ ഭരണഘടന പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ്. ഭരണഘടനയിലെ ന്യൂനതകളും വീഴ്ചകളുമെല്ലാം വിമർശനത്തിന് വിധേയമായതുകൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും അതിനനുസരിച്ച് തിരുത്തലുകൾ വരുത്തിയിട്ടുള്ളതും.
ഭരണഘടനയെന്നത് ഇരുമ്പ് പെട്ടിയിൽ ഭദ്രമായി അടച്ചുവെച്ചുകൊണ്ട് സൂക്ഷിക്കേണ്ട തത്വശാസ്ത്രമല്ല, മറിച്ച് വായിക്കപ്പെടുകയും ചർച്ചകൾ നടത്തുകയും തിരുത്തലുകൾ നടത്തുകയും ചെയ്യേണ്ട ഒരു ജൈവ പ്രമാണമാണത്. ഭരണഘടനയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോഴാണ് അത് രാജ്യദ്രോഹവും ക്രിമിനൽ കുറ്റവുമൊക്കെയായി മാറുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിലയുറപ്പിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. അപ്പോൾ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചുകൊണ്ട് തന്നെയാകണം അതിന്റെ അന്തഃസത്തയെക്കുറിച്ചുള്ള വിമർശനങ്ങളും സംവാദങ്ങളുമെല്ലാം നടക്കേണ്ടത്.
തീക്ഷ്ണമായ രീതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത് ഭരണഘടനയല്ല, മറിച്ച് ഭരണഘടനാ സംവിധാനങ്ങളും സ്ഥാപനങ്ങളുമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നീതിന്യായ കോടതികൾക്കും പുറമെ മറ്റു ഭരണഘടന സ്ഥാപനങ്ങളും രാജ്യത്ത് നിലവിലുണ്ട്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ബാധ്യതയാണ് ഇത്തരം സ്ഥാപനങ്ങൾക്കുള്ളത്. ഭരണഘടന സ്ഥാപനങ്ങൾ അവരുടെ കർത്തവ്യം നിറവേറ്റാതിരിക്കുകയോ, ഭരണഘടനാവിരുദ്ധമായി പെരുമാറുകയോ ചെയ്യുമ്പോൾ കുതിരകയറേണ്ടത് ഭരണഘടനയുടെ അന്തഃസത്തയിലേക്കല്ല, മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളുടെ നിലപാടുകളെയാണ് ചോദ്യം ചെയ്യേണ്ടതും തിരുത്തിക്കേണ്ടതും. ഭരണഘടന സ്ഥാപനങ്ങളുടെ മോശം ചെയ്തികൾക്ക് ഒരിക്കലും ഭരണഘടനയിലെ തത്വങ്ങൾ ഉത്തരവാദിയാകുന്നില്ലെന്ന കാര്യം വളരെ പ്രധാനമാണ്.
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന രീതിയിലാണ് ഭരണഘടന എഴുതിവെച്ചിരിക്കുന്നതെന്നാണ് സജി ചെറിയാൻ പറഞ്ഞത്. രാജ്യത്ത് ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നുണ്ടെങ്കിൽ അതിനുത്തരവാദി ഭരണഘടനയല്ല, മറിച്ച് ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിനായി രൂപീകരിച്ച ഭരണഘടന സംവിധാനങ്ങളാണ്. ഈ സംവിധാനങ്ങളുടെ പോരായ്മയെയും വീഴ്ചയെയും സ്ഥാപിത താൽപര്യങ്ങളെയുമൊന്നും ഭരണഘടനയിലെ സംഹിതകളുമായി കൂട്ടിച്ചേർക്കരുത്. ഭരണഘടനയുടെ ഭാഗമായുള്ള ജനാധിപത്യ സർക്കാർ എന്നത് ഒരു ഭരണഘടന സംവിധാനമാണ്.
ഭരണഘടന നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നടപ്പാക്കുന്നുണ്ടോയെന്നതാണ് ചോദ്യം. ഭരണഘടന സ്ഥാപനങ്ങളുടെ പിഴവുകൾക്ക് ഭരണഘടന എങ്ങനെയാണ് ഉത്തരവാദിയാകുന്നത്.
രാജ്യത്തെ മതപരമായി വിഭജിക്കാനും മനുഷ്യാവകാശങ്ങളെ അടിച്ചമർത്താനുമെല്ലാം ഭരണകൂടം മുന്നിട്ടിറങ്ങുമ്പോൾ അതിനെ ചെറുക്കാനുള്ള ആയുധമെന്നത് ഭരണഘടന തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ ഏക സിവിൽ കോഡിനെയും പൗരത്വ നിയമത്തെയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കത്തെയും വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെയുമെല്ലാം രാജ്യത്തെ മതേതര വിശ്വാസികൾ ചെറുത്തു തോൽപിക്കുന്നത് ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. ഭരണഘടനയെ നെഞ്ചോട് ചേർത്താണ് കമ്യൂണിസ്റ്റുകാർ പോലും നരേന്ദ്ര മോഡിക്കെതിരെ പൊരുതാനുള്ള ഊർജം സംഭരിക്കുന്നത്. ഇന്ത്യയിലെ കോടതികളിൽ നിന്നു പോലും പല വിഷയങ്ങളിലും ജനാധിപത്യ വിരുദ്ധവും ഭരണകൂട അനുകൂലവുമായ നിലപാടുകൾ പിന്തുടരുന്നുവെന്ന ആരോപണങ്ങൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി അതിശക്തമായി ഉയർന്നു വരുന്നുണ്ട്. ഇതൊന്നും ഭരണഘടനയുടെ പിടിപ്പുകേടുകൾ മൂലം ഉണ്ടാകുന്നതല്ല.
ബ്രിട്ടീഷുകാർ പറഞ്ഞതാണ് ഇന്ത്യൻ ഭരണഘടനയിൽ എഴുതിവെച്ചതെന്ന പരാമർശവും സജി ചെറിയാൻ നടത്തുകയുണ്ടായി. ബ്രിട്ടീഷുകാർ പറഞ്ഞത് മാത്രമല്ല, പല രാജ്യങ്ങളിലെയും ഭരണഘടനയിൽ നിന്ന് സ്വാംശീകരിച്ചെടുത്ത കാര്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് കാണാം. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപിന്റ് എന്നു കാണാം.
വിദേശ രാജ്യങ്ങളിലെ ഭരണഘടനയിൽ നിന്ന് വ്യാപകമായ ഒരു 'കടം വാങ്ങൽ' ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടായിട്ടുണ്ട്. ഭരണഘടനയിലെ ഏറ്റവും അടിസ്ഥാനമായ പാർലമെന്ററി ജനാധിപത്യവും നിയമവാഴ്ചയും കടം കൊണ്ടത് ബ്രിട്ടനിലെ ഭരണഘടനയിൽ നിന്നാണ്. ഫെഡറലിസം കൈക്കൊണ്ടത് കാനഡയിൽനിന്നാണ്.
മൗലിക കടമകൾ അന്നത്തെ സോവിയറ്റ് യൂനിയന്റെ സംഭാവനയാണ്. മൗലികാവകാശങ്ങളും ആമുഖവും എടുത്തത് അമേരിക്കയിൽ നിന്നാണ്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ കൈക്കൊണ്ടത് ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ്. ഇത്തരത്തിൽ പല രാജ്യങ്ങളിലെയും ഭരണഘടനയുടെ ഉയർന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംക്ഷിപ്ത രൂപമായി ഇന്ത്യൻ ഭരണഘടനയെ കാണാവുന്നതാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഇത്തരം കടംകൊള്ളലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനിയും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഇന്ത്യൻ ഭരണഘടന വൈദേശികരുടെ വാക്കുകൾ മാത്രം എടുത്തണിഞ്ഞിരിക്കുന്ന ചൂഷണ സംവിധാനമാണെന്ന പരിഹാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ എല്ലാ അവകാശങ്ങളും ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനയെ വിമർശിക്കാനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ചില പരിധികൾ കൂടി ഉണ്ടെന്നു മാത്രം.






