Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവായതിനാല്‍ ശമ്പളം തിരികെ നല്‍കാന്‍ ഒരുങ്ങിയ അസി.പ്രൊഫസര്‍ നിലപാട് മാറ്റി

പട്‌ന- മനസ്സാക്ഷി പറയുന്നുവെന്ന് വ്യക്തമാക്കി 33 മാസത്തെ അധ്യാപന സേവനത്തിന് ലഭിച്ച 23 ലക്ഷം രൂപയുടെ ശമ്പളം തിരികെ നല്‍കാന്‍ ശ്രമിച്ച ബിഹാര്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ ഒടുവില്‍ പ്രഖ്യാപനം പിന്‍വലിച്ച് സര്‍വകലാ രജസ്ട്രാര്‍ക്ക് മാപ്പെഴുതി നല്‍കി.

രേഖാമൂലവും വാക്കാലുള്ളതുമായ എല്ലാ പ്രസ്താവനകളും പിന്‍വലിക്കുന്നതായാണ് സര്‍വകലാശാല രജിസ്ട്രാര്‍ക്കുള്ള മാപ്പപേക്ഷ.  ട്രാന്‍സ്ഫറിനു വേണ്ടി ആറു തവണ അഭ്യര്‍ഥിച്ചിട്ടും സ്വീകരിക്കാത്തതിനാല്‍  വേദനിച്ചുവെന്നും അതോടെ വികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അധ്യാപകന്‍ വ്യക്തമാക്കി. മുഴുവന്‍ ശമ്പളത്തിന്റേയും ചെക്ക് വാഗ്ദാനം ചെയ്ത ശേഷമാണ് അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചതെന്നും ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.  യൂണിവേഴ്സിറ്റിയുടെയും കോളേജിന്റേയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പെരുമാറേണ്ടതുണ്ടെന്നും ഭാവിയില്‍ വികാരത്തിന് അടിപ്പെട്ട് ഒരു ചുവടും എടുക്കാതിരിക്കാന്‍  പരമാവധി ശ്രമിക്കുമെന്നും കത്തില്‍ പറഞ്ഞു.
മുസാഫര്‍പൂര്‍ ജില്ലയിലെ ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍ ബിഹാര്‍ സര്‍വകലാശാലയുടെ കീഴിലുള്ള  നിതീഷ്വര്‍ കോളേജിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ ലല്ലന്‍ കുമാറാണ് ക്ഷമാപണ കത്തെഴുതിയത്.
കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ കുറവാണെന്നും ശമ്പളം തിരികെ നല്‍കാന്‍ മനസ്സാക്ഷി പറയുന്നുവെന്നും വ്യക്തമാക്കിയ ശേഷം  ലല്ലന്‍ കുമാറിനെ കാണാതായിരുന്നു. കോളേജ് അതോറിറ്റിക്ക് ചെക്ക് നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ്968 മാത്രമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. അസി.പ്രൊഫസറുടെ മാപ്പപേക്ഷ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

 

 

Latest News